പുത്തന്‍കുരിശില്‍ അഖില മലങ്കര സുവിശേഷ മഹായോഗം 26 മുതല്‍
Saturday, December 20, 2014 1:16 AM IST
കൊച്ചി: യാക്കോബായ സഭയുടെ 25-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം 26 മുതല്‍ 31 വരെ പുത്തന്‍കുരിശില്‍ നടക്കും. 26നു വൈകുന്നേരം നാലിനു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കും. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ തോമാ മെത്രോപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കും.

ദിവസവും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നടത്തുന്ന ധ്യാനയോഗങ്ങള്‍ക്കു സഭയിലെ വിവിധ ഭക്തസംഘടനകള്‍ നേതൃത്വം നല്‍കും. പുതുവര്‍ഷ സന്ദേശം, ധ്യാനം, കുര്‍ബാന, സ്നേഹവിരുന്ന് എന്നിവയും യോഗത്തിന്റെ ഭാഗമായി നടക്കും. 101 അംഗ ഗായകസംഘം സുവിശേഷ ഗാനങ്ങള്‍ ആലപിക്കും. 50,000 പേര്‍ക്ക് പങ്കെടുക്കാന്‍ സൌകര്യമുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. സുവിശേഷ യോഗം നടക്കുന്ന പുത്തന്‍കുരിശ് ഫെസ്റിവല്‍ ഏരിയയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമാപന ദിനമായ 31ന് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യസന്ദേശം നല്‍കും. രജത ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു നിര്‍ധന രോഗികള്‍ക്കു ഡയാലിസിസ്, ഭവന നിര്‍മാണം, പഠന സഹായം തുടങ്ങിയ പദ്ധതികള്‍ക്കു തുടക്കം കുറിച്ചതായും ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രോപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.


സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി ബേബി ജോണ്‍ ഐക്കാട്ടുതറ, സെക്രട്ടറി എ.വി. പൌലോസ്, ഷെവലിയാര്‍ മോന്‍സി വാവച്ചന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.