സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: ബിഷപ് തോമസ് കെ. ഉമ്മന്‍
Saturday, December 20, 2014 1:16 AM IST
കോട്ടയം: പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കുന്നതിനും നാടുനീളെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിനും തീരുമാനിച്ചതിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നു കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി പ്രസിഡന്റ് ബിഷപ് തോമസ് കെ. ഉമ്മന്‍.

ജനങ്ങളുടെ മതബോധത്തെയും സംസ്കാരത്തെയും മൂല്യബോധത്തെയും പ്രതികൂലമായി ബാധിക്കുന്നതും എല്ലാത്തരം വികസനങ്ങളേയും തടയുന്നതുമാണ് ഈ തീരുമാനമെന്നു ബിഷപ് അഭിപ്രായപ്പെട്ടു. തൊഴില്‍രഹിതരാകുന്ന 1,500 പേരുടെ മറവില്‍ ലക്ഷക്കണക്കിനു കുടുംബങ്ങളെ കണ്ണുനീരിലേക്കും ദുരിതക്കയങ്ങളിലേക്കും തള്ളിവിടുന്ന ഈ സമീപനം സമൂഹത്തിനു ഗുണകരമല്ല.

ടൂറിസം മേഖലയ്ക്കു ബാറുകള്‍ അനുവദിക്കുന്നതിലൂടെ എന്തു വികസനം ആണ് ഉണ്ടാകുന്നതെന്നു ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിനായിട്ടില്ല. യാതൊരു ഉറപ്പുമില്ലാത്ത 2024ന്റെ പേരു പറഞ്ഞു കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മദ്യനയത്തിനു കേരളത്തിലെ ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനു മാപ്പുപറയേണ്ടി വരും എന്നതു തീര്‍ച്ചയാണ്. ജനങ്ങളുടെ നന്മയേക്കാള്‍ മദ്യലോബിയുടെയും ബാറുടമകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അതുവഴി തങ്ങളുടെ കൂറ് ആരോടാണെന്നു ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സാംസ്കാരിക പ്രബുദ്ധതയുള്ള കേരളത്തിന്റെ മണ്ണില്‍ സര്‍ക്കാരിന്റെ ഇത്തരം ദുര്‍ബലമായ വാദഗതികള്‍ നിലനില്‍ക്കില്ലെന്നും ബിഷപ് അഭിപ്രായപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.