ഭര്‍ത്താവിന്റെ വിദേശയാത്ര വിലക്കിയ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റഡിയില്‍
ഭര്‍ത്താവിന്റെ വിദേശയാത്ര വിലക്കിയ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റഡിയില്‍
Saturday, December 20, 2014 12:55 AM IST
മട്ടന്നൂര്‍: യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്െടത്തി. മുഴപ്പാല പനയത്താംപറമ്പ് ചാപ്പ നരിക്കോട് യുപി സ്കൂളിനു സമീപത്തെ ആരാധനയില്‍ ശ്വേത (28) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് തണ്ടാരത്തെ ബിജോയ് രാഘവനെ (35) ചക്കരക്കല്‍ പോലീസ് കസ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയായിരുന്നു സംഭവം.

ഖത്തറില്‍ ജോലിക്കാരനായ ബിജോയ് പത്തു ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയതായിരുന്നു. നാളെ തിരിച്ചുപോകുന്നതിനുള്ള ഒരുക്കത്തിനിടയിലാണു കൊലപാതകം നടന്നത്. ഖത്തറിലേക്കു പോകേണ്െടന്നു പറഞ്ഞു വഴക്കുണ്ടാക്കുകയും അതിനിടയില്‍ പാസ്പോര്‍ട്ട് കീറി നശിപ്പിക്കുകയും ചെയ്ത ദേഷ്യത്തില്‍ ശ്വേതയുടെ കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോള്‍ മരണം സംഭവിക്കുകയായിരുന്നുവെന്നു ബിജോയ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ബിജോയിയുടെ അമ്മ വസന്ത മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വസന്തയുടെ നിലവിളി കേട്ടു സമീപവാസികള്‍ ഓടിയെത്തുമ്പോള്‍ ശ്വേതയെ വീടിനുള്ളില്‍ മരിച്ചുകിടക്കുന്നതാണു കണ്ടത്. വിവരമറിഞ്ഞു സിറ്റി സിഐ പ്രകാശന്‍ പടന്നയില്‍, ചക്കരക്കല്‍ എസ്ഐ ഷാജി പട്ടേരി എന്നിവര്‍ സ്ഥലത്തെത്തുകയും ബിജോയിയെ കസ്റഡിയിലെടുക്കുകയും ചെയ്തു. ശ്വേതയുടെ കഴുത്തില്‍ കത്തി കൊണ്ടുള്ള മുറിവുണ്െടന്നു പോലീസ് പറഞ്ഞു. ഇതിനായി ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കിടപ്പുമുറിയുടെ തലയിണയ്ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചനിലയില്‍ പോലീസ് കണ്െടത്തി.


ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി. കര്‍ണാടകയിലെ വിജയനഗര്‍ സ്വദേശിനിയായ ശ്വേതയെ ആറുവര്‍ഷം മുമ്പ് ബിജോയ് പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. ബംഗളൂരുവില്‍ ഒരു ഐടി കമ്പനിയില്‍ ഇരുവരും ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. കഴിഞ്ഞ മൂന്നുവര്‍ഷമായി ശ്വേത പനയത്താംപറമ്പിലെ ഭര്‍തൃവീട്ടിലായിരുന്നു താമസം. ഭര്‍ത്താവിനെയുംകൂട്ടി ബംഗളൂരുവില്‍ പോയി താമസിക്കണമെന്നായിരുന്നുവത്രെ ശ്വേതയുടെ ആഗ്രഹം. ആംഗന്‍വാടി വിദ്യാര്‍ഥിനിയായ ആദിയ ഏക മകളാണ്. സോമന്‍-ശ്രീലത ദമ്പതികളുടെ മകളാണു ശ്വേത. സഹോദരന്‍: സായിനാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.