ഒരുവര്‍ഷത്തിനുള്ളില്‍ ആയിരം ഹൃദയശസ്ത്രക്രിയ
Saturday, December 20, 2014 1:15 AM IST
ഏറ്റുമാനൂര്‍: ഒരുവര്‍ഷത്തിനുള്ളില്‍ ഹൃദയം തുറന്നുള്ള ആയിരം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിന് അതുല്യനേട്ടം. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിനൊഴികെ കേരളത്തില്‍ മറ്റൊരാശുപത്രിക്കും ഈ നേട്ടത്തിന്റെ അടുത്തെങ്ങും എത്താനായില്ല.

2014 ജനുവരി ഒന്നു മുതല്‍ ഇന്നലെവരെയാണ് ആയിരം ശസ്ത്രക്രിയകള്‍ നടത്തിയത്. ആയിരാമത്തെ ശസ്ത്രക്രിയ ഒളശ കുന്നുംപുറത്ത് രാഘവന് (73) നടത്തിയശേഷം ഇന്നലെ മൂന്നു ഹൃദയ ശസ്ത്രക്രിയകള്‍കൂടി മെഡിക്കല്‍ കോളജില്‍ നടന്നു.

പരിമിതികളോടു പടപൊരുതിയാണു കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗം ഹൃദയശസ്ത്രക്രിയാ രംഗത്തു ചരിത്രംകുറിച്ചത്. 1990ല്‍ ഡോ.ചന്ദ്രമോഹന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആലപ്പുഴ സ്വദേശിയായ രോഗിക്കു ഹൃദയം തുറന്നുള്ള ആദ്യ ശസ്ത്രക്രിയ നടത്തുമ്പോള്‍ ഇവിടെ ആധുനിക സൌകര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

ഒരു വര്‍ഷം മുമ്പ് കാര്‍ഡിയോ തൊറാസിക് വിഭാഗത്തിന് പുതിയ ബ്ളോക്ക് ആരംഭിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിച്ചു. ദിവസം ശരാശരി ഒമ്പതു ശസ്ത്രക്രിയകളാണ് ഈ വര്‍ഷം നടന്നത്. 13 ശസ്ത്രക്രിയകള്‍ വരെ നടന്ന ദിവസമുണ്ട്. രാവിലെ മുതല്‍ പുലര്‍ച്ചെ രണ്ടുവരെ തുടര്‍ച്ചയായി പലദിവസങ്ങളിലും ശസ്ത്രക്രിയകള്‍ നീണ്ടു.

മെഡിക്കല്‍ കോളജില്‍ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ചെലവാകുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഒന്നരലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപവരെയാണ് ചെലവ്.


കാര്‍ഡിയോ തൊറാസിക് വിഭാഗം തലവന്‍ ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ ഷാജി, രതീഷ്, ജോസഫ്, കൊച്ചുകൃഷ്ണന്‍, വിനീത, കുണാല്‍, അഷറഫ്, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ എല്‍സമ്മ, മഞ്ജുഷ, തോമസ് പി. ജോര്‍ജ്, ജിയോ പോള്‍, ഹെഡ്നഴ്സ് എല്‍സമ്മ, നഴ്സുമാരായ മേഴ്സി, ലതിക, ടെക്നീഷ്യന്മാരായ രാജേഷ്, സിറിള്‍, സജി എന്നിവരും ഇതര ജീവനക്കാരുമടങ്ങുന്ന വലിയൊരു സംഘത്തിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ മികവാണ് ഈ വലിയ നേട്ടം.

ആധുനിക സംവിധാനങ്ങളുള്ള മൂന്ന് ഓപ്പറേഷന്‍ തിയറ്ററുകള്‍, 18 ബെഡുകളുള്ള ഐസിയു, സ്റെപ് ഡൌണ്‍ റൂമുകള്‍, ഐസലേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങി മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലുമില്ലാത്ത തരത്തില്‍ കോട്ടയത്ത് കാര്‍ഡിയോ തൊറാസിക് വിഭാഗം സര്‍വസജ്ജമാണ്. മോഡുലാര്‍ തിയറ്റര്‍ സംവിധാനമുള്ളത് ഇവിടെ മാത്രമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ടെക്നീഷ്യന്മാരുടെയും കുറവ് വെല്ലുവിളിയായി നിലനില്‍ക്കുന്നു. പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം എന്നിവയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ തലങ്ങളിലേക്ക് സര്‍ക്കാരിന്റെ താത്പര്യമുണ്ടായാല്‍ പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഏറ്റവും വിദഗ്ധമായ ചികിത്സ ലഭിക്കാനുള്ള സാഹചര്യമാണുണ്ടാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.