ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഭരണഘടനയോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല
Saturday, December 20, 2014 1:10 AM IST
തിരുവനന്തപുരം: ആഗോള അവധിദിനമായ ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഘ്പരിവാര്‍ സംഘടനകള്‍ മതപരിവര്‍ത്തന പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എല്ലാ വിഭാഗം ജനങ്ങളും സമഭാവത്തോടെ വീക്ഷിക്കണമെന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതേതരത്വ കാഴ്ചപ്പാടിനെ തച്ചുടക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നെ സല്‍ഭരണദിനമായി ആചരിക്കാനുള്ള തീരുമാനം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ളതാണ്. ഇത്തരം നീക്കങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.