യൂസഫലി കേച്ചേരിക്കും എന്‍.എസ്. മാധവനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
യൂസഫലി കേച്ചേരിക്കും എന്‍.എസ്. മാധവനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
Saturday, December 20, 2014 1:09 AM IST
തൃശൂര്‍: 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിനു കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയും കഥാകൃത്ത് എന്‍.എസ്. മാധവനും അര്‍ഹരായി. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണു പുരസ്കാരം.

പി.ആര്‍. നാഥന്‍, ഡോ.എസ്.കെ. വസന്തന്‍, ഡി. ശ്രീമാന്‍ നമ്പൂതിരി, കെ.പി. ശശിധരന്‍, എം.ഡി. രത്നമ്മ എന്നിവര്‍ക്കാണു സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മറ്റു പുരസ്കാരങ്ങള്‍: നോവല്‍ - കെ.ആര്‍. മീര(ആരാച്ചാര്‍), കവിത- കെ.ആര്‍. ടോണി(ഓ! നിഷാദാ) നാടകം-റഫീഖ് മംഗലശേരി(ജിന്ന്കൃഷ്ണന്‍), ചെറുകഥ- തോമസ് ജോസഫ്(മരിച്ചവര്‍ സിനിമ കാണുകയാണ്), സാഹിത്യ വിമര്‍ശനം- സുനില്‍ പി. ഇളയിടം(അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍), വൈജ്ഞാനിക സാഹിത്യം- ഡോ.കെ. രാജശേഖരന്‍ നായര്‍(സംസ്മൃതി), ജീവചരിത്രം/ ആത്മകഥ- ഭാഗ്യലക്ഷ്മി(സ്വരഭേദങ്ങള്‍), യാത്രാവിവരണം- പി. സുരേന്ദ്രന്‍(ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം), വിവര്‍ത്തനം- എന്‍. മൂസക്കുട്ടി(യൂലീസസ്), ബാലസാഹിത്യത്തിനുള്ള ശ്രീ പത്മനാഭസ്വാമി സമ്മാനം- സിപ്പി പള്ളിപ്പുറം(ഉണ്ണികള്‍ക്കു നൂറ്റിയെട്ട് ഗുരുദേവകഥകള്‍) ഹാസ സാഹിത്യം - ഡോ.പി.സേതുനാഥന്‍ (മലയാളപ്പെരുമ). 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണു പുരസ്കാരം.


വിവിധ എന്‍ഡോവ്മെന്റുകള്‍. 1 ഐ.സി ചാക്കോ അവാര്‍ഡ്- എം.എന്‍ കാരശേരി, 2) സി.ബി. കുമാര്‍ അവാര്‍ഡ്- അടൂര്‍ ഗോപാലകൃഷ്ണന്‍, 3) കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്- ഡോ.ജെ.പി. പ്രജിത്, 4) കനകശ്രീ അവാര്‍ഡ്- സംപ്രീത 5) ഗീത ഹിരണ്യന്‍ പുരസ്കാരം-ജേക്കബ് എബ്രഹാം, 6) ജി.എന്‍. പിള്ള പുരസ്കാരം- സജി ജെയിംസ്.

സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. അക്കാദമി വാര്‍ഷികാഘോഷസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്നു പെരുമ്പടവം പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, പി.കെ പാറക്കടവ്, ഡോ. അജിതന്‍ മേനോത്ത്, ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, അയ്മനം ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.