പെഷവാറിലെ കൂട്ടക്കുരുതി: നാളെ മതബോധന വിദ്യാര്‍ഥികളുടെ പ്രാര്‍ഥന
Saturday, December 20, 2014 1:05 AM IST
കൊച്ചി: പാക്കിസ്ഥാനിലെ പെഷവാറില്‍ സ്കൂളിലുണ്ടായ കൂട്ടക്കുരുതിയില്‍ വധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളില്‍ നാളെ പ്രത്യേക പ്രാര്‍ഥന. ഇടവകകളിലെ മതബോധന യൂണിറ്റുകളുടെ നേതൃത്വത്തിലാണു പ്രാര്‍ഥന നടക്കുക.

ക്രിസ്മസിനു മുമ്പുള്ള ഞായറാഴ്ച പതിവുള്ള ആഘോഷങ്ങള്‍ ലളിതമാക്കിയാണു കൊല്ലപ്പെട്ട 132 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുംവേണ്ടി പ്രാര്‍ഥന ഒരുക്കിയിരിക്കുന്നത്. പ്രാര്‍ഥനയോടനുബന്ധിച്ചു മനുഷ്യജീവന്റെ മൂല്യം, ജീവന്റെ ദാതാവായ ദൈവത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റം, ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍, തീവ്രവാദത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ എന്നീ ചിന്തകളുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, കൊളാഷ് പ്രദര്‍ശനം എന്നിവയുണ്ടാ കും. തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കൊന്നൊടുക്കപ്പെട്ട നിഷ്കളങ്കരായ കുരുന്നുകളും പുതിയ തലമുറയിലുള്ളവരുടെ മനസുകളിലുണ്ടാവണമെന്ന ചിന്തയാണു പ്രാര്‍ഥനയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നതിനു പിന്നിലെന്ന് അതിരൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.


വിഷയത്തിന്റെ ഗൌരവസ്വഭാവം ഓര്‍മപ്പെടുത്തുന്നതിനു ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഉള്‍പ്പെടെയുള്ള മെറ്റീരിയലുകള്‍ മതബോധന യൂണിറ്റുകള്‍ക്ക് എത്തിച്ചിട്ടുണ്ട്. മതബോധന കേന്ദ്രത്തിന്റെ വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.