മദ്യവിരുദ്ധസമിതി സമരരംഗത്തേക്ക്
Saturday, December 20, 2014 1:03 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സമ്പൂര്‍ണമായ മദ്യനിരോധനത്തില്‍നിന്ന് അണുവിട പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു ജനാഭിലാഷം ഉയര്‍ത്തിപ്പിടിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അത് അടിയറ വച്ചെന്നു കെസിബിസി മദ്യവിരുദ്ധസമിതി. ദുര്‍ബലമായ ഈ സമീപനം സംശയങ്ങള്‍ക്ക് ഇടനല്‍കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് അണുവിട പിന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടു സമരത്തിനിറങ്ങും.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും സമ്പൂര്‍ണ മദ്യനിരോധനം ആഗ്രഹിക്കുന്നവരാണ്. ബഹുഭൂരിപക്ഷത്തിന്റെ താത്പര്യത്തെ സര്‍ക്കാര്‍ തമസ്കരിച്ചു. ഇവിടെ നിഷ്ക്രിയരായിരിക്കാന്‍ കഴിയില്ല. ഉപവാസം, ധര്‍ണ, നിരാഹാര സമരം, ബഹുജനറാലി, അപ്രഖ്യാപിത സമരങ്ങള്‍ തുടങ്ങിയവ എല്ലാ തലങ്ങളിലും നടത്താനും മദ്യവിരുദ്ധസമിതി തീരുമാനിച്ചു. ഇതിനു മുന്നോടിയായി അടുത്തയാഴ്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.

കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കേരളസഭയുടെയും ഇതര മതവിഭാഗങ്ങളുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ ഏകോപിപ്പിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സമിതി വൈസ് ചെയര്‍മാന്മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.ജോസഫ് കാരിക്കശേരി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി കര്‍മപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.


സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എഫ്.എം. ലാസര്‍, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, എം.ഡി. റാഫേല്‍, മത്തായി മരുതൂര്‍, തോമസ്കുട്ടി മണക്കുന്നേല്‍, സേവ്യര്‍ പള്ളിപ്പാടന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, ജയിംസ് മുട്ടിക്കല്‍, കെ.ജെ. പൌലോസ്, സണ്ണി പായിക്കാട്ട്, യോഹന്നാന്‍ ആന്റണി, ആനിമേറ്റര്‍ സിസ്റര്‍ ആനീസ് തോട്ടാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.