ലിബിയയില്‍നിന്നു നഴ്സുമാരുടെ ആദ്യസംഘമെത്തി
ലിബിയയില്‍നിന്നു നഴ്സുമാരുടെ ആദ്യസംഘമെത്തി
Saturday, December 20, 2014 12:54 AM IST
നെടുമ്പാശേരി: ലിബിയയിലെ സംഘര്‍ഷഭൂമിയില്‍നിന്നു ജീവന്‍ വീണ്ടുകിട്ടിയ ആശ്വാസത്തോടെ 12 പേര്‍ തിരിച്ചെത്തി. രണ്ടു കുട്ടികളും പത്തു നഴ്സുമാരുമാണ് ഇന്നലെ എത്തിയ ആദ്യസംഘത്തിലുണ്ടായത്. എല്ലാവരും പങ്കുവച്ചതു നഷ്ടങ്ങളുടെ കണക്കുകളും ഭാവിയെക്കുറിച്ചുള്ള ആകുലതകളും.

എറണാകുളം പുന്നയം സ്വദേശി ബിജോ വര്‍ഗീസ്, മക്കളായ ആല്‍വിന്‍, ആല്‍ഫിന്‍ എന്നിവരോടൊപ്പമാണ് എത്തിയത്. പാസ്പോര്‍ട്ട് സംബന്ധിച്ച പ്രശ്നം ഉള്ളതുകൊണ്ട് ഇദ്ദേഹത്തിന്റെ ഭാര്യക്കു പോരാന്‍ കഴിഞ്ഞിട്ടില്ല.

ആലപ്പുഴ എടത്വ സ്വദേശിയായ സിജു മാത്യുവും ഭാര്യ ഡെറിന്‍ ഫ്രാന്‍സിസും ഒരുമിച്ചാണ് എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ജംഹാരിയ ആശുപത്രി പൂട്ടിയതിനെത്തുടര്‍ന്ന് ഏതാനും മാസങ്ങളായി സുരക്ഷിതസ്ഥാനമെന്ന നിലയില്‍ ബംഗാസി മെഡിക്കല്‍ സെന്ററില്‍ (ബിഎംസി) അഭയം തേടിയിരിക്കുകയായിരുന്നു. ഭീകരാക്രമണ ഭീഷണി ഉയര്‍ന്നതിനാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ജംഹരിയ ആശുപത്രി പട്ടാള ക്യാമ്പായി മാറിയെന്നും സിജു പറഞ്ഞു. ജര്‍മന്‍ - ലിബിയ ആശുപത്രിയും അടച്ചുപൂട്ടി. അവിടത്തെ റോഡുകളില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഏതു സമയത്തും ഭീകരാക്രമണം അവിടെയും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറ ഞ്ഞു. അഭയം തേടിയ ബിഎംസിയുടെ സമീപ പ്രദേശങ്ങളില്‍ ബോംബ് സ്ഫോടനത്തിന്റെയും യന്ത്രത്തോക്കുകളുടെ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നുവെന്നു കോട്ടയം സ്വദേശിനി സീന മാത്യു പറഞ്ഞു.

കൈവശമുണ്ടായിരുന്ന സാധനങ്ങളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. ജോലി ചെയ്ത ആശുപത്രിയില്‍നിന്നു വിവിധയിനത്തില്‍ അഞ്ചു ലക്ഷത്തോളം രൂപയും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. ഉടുതുണി മാത്രമായിട്ടാണു രണ്ടു മാസം മുമ്പു പട്ടാളത്തിന്റെ നിര്‍ദേശാനുസരണം പ്രാണരക്ഷാര്‍ഥം ബിഎംസിയില്‍ അഭയം തേടിയത്. പണിയെടുക്കാതെ ഭക്ഷണം തരില്ലെന്നു പറഞ്ഞ് ആദ്യ ദിവസങ്ങളില്‍ തങ്ങള്‍ക്ക് ആഹാരം നിഷേധിച്ചതായും അവര്‍ പറഞ്ഞു. പിന്നീട് ഉന്നത ഇടപെടല്‍ വഴിയാണു ഭക്ഷണം തന്നുതുടങ്ങിയത്. തങ്ങള്‍ അഭയാര്‍ഥികളായി താമസിച്ച ആശുപത്രിയുടെ കാന്‍സര്‍ വിഭാഗം ഈ ദിവസങ്ങളില്‍ ഭീകരര്‍ ബോംബിട്ടു തകര്‍ത്തിരുന്നു. കൈവശമുള്ള എല്ലാ സാധനങ്ങളും ആദ്യം താമസിച്ചിരുന്ന ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിക്കേണ്ടി വന്നു. ജോലി നഷ്ടപ്പെട്ടു. വെക്കേഷന്‍ വേതനം, ഗ്രാറ്റുവിറ്റി, ടിക്കറ്റ് ചാര്‍ജ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടുവെന്ന് അവര്‍ വിലപിച്ചു.


മടങ്ങിയെത്തിയവരെല്ലാം ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ലിബിയയില്‍ ജോലി ചെയ്തവരാണ്. എല്ലാവര്‍ക്കും അവസാനത്തെ രണ്ടു മാസത്തെ ഒഴികെയുള്ള ശമ്പളം ലഭിച്ചിട്ടു ണ്ട്. ഏജന്‍സികള്‍ക്ക് 2.5 മുതല്‍ നാലു വരെ ലക്ഷം രൂപ കൊടുത്താണ് എല്ലാവരും പോയിട്ടുള്ളത്. ചേര്‍ത്തല സ്വദേശിനി ബിന്ദു ധന്യ, ഉഴവൂര്‍ സ്വദേശിനി ദീപ പീറ്റര്‍, കുറവിലങ്ങാട് സ്വദേശിനി ലീന വര്‍ഗീസ്, വാഴൂര്‍ സ്വദേശിനി മഞ്ജു മോള്‍ സുകുമാരന്‍, ഇടുക്കി സ്വദേശിനി ലീനിയ സെബാസ്റ്യന്‍, കുമളി സ്വദേശിനി ജിഷ രാജു എന്നിവരാണു മടങ്ങിയെത്തിയ മറ്റു നഴ്സുമാര്‍.

ബംഗാസിയില്‍നിന്നു 300 കിലോമീറ്റര്‍ പട്ടാളസംരക്ഷണത്തി ല്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഇവര്‍ ലിബറന്ത് എയര്‍പോര്‍ട്ടില്‍ എത്തിയത്. അവിടെനിന്നു ടുണീഷ്യയിലേക്ക്. പിന്നീടു ദോഹയില്‍ എത്തിയ ഇവര്‍ ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 514-ാം നമ്പര്‍ ഫ്ളൈറ്റില്‍ രാത്രി 2.24നാണ് നെടുമ്പാശേരിയില്‍ വന്നിറങ്ങിയത്. ഇവരെ സ്വീകരിക്കാന്‍ നോര്‍ക്ക റൂട്ട്സ് അസിസ്റന്റ് മാനേജര്‍ ആര്‍.എം. ഫിറോസിന്റെ നേതൃത്വത്തില്‍ ക്രമീകരണം ചെയ്തിരുന്നു. ഓരോരുത്തര്‍ക്കും 2,000 രൂപ വീതം നല്‍കി. 22 പേരുടെ സംഘം നാളെ എമിറൈറ്റ്സ് ഫ്ളൈറ്റില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.