മദ്യനയത്തിലെ അവ്യക്തത പരിഹരിക്കണം: കെസിബിസി
Saturday, December 20, 2014 1:01 AM IST
കൊച്ചി: മദ്യനയത്തെ സംബന്ധിച്ച പ്രഖ്യാപിതനയവും അതു നടപ്പിലാക്കുന്നതിനായി പ്രഖ്യാപിക്കുന്ന നടപടിക്രമങ്ങളും വിരുദ്ധധ്രുവങ്ങളിലേക്കു നീങ്ങുന്നതു ജനങ്ങളില്‍ അങ്കലാപ്പും തെറ്റിദ്ധാരണയും ഉണ്ടാക്കിയിട്ടുണ്െടന്നു കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍.

പടിപടിയായി പത്തുവര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം എന്ന പ്രഖ്യാപിതനയം നടപ്പിലാക്കുന്നതെങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറയ്ക്കാന്‍ കഴിയുന്ന നടപടികളാണു ജനങ്ങള്‍ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നത്. മദ്യനിരോധനമല്ല, മദ്യത്തിന്റെ ലഭ്യത നിയന്ത്രിക്കുക മാത്രമാണു സര്‍ക്കാരിന്റെ നയമെങ്കില്‍ അതു തുറന്നു പറയുന്നതില്‍ എന്താണു തകരാര്‍? മദ്യത്തിന്റെ ലഭ്യത എത്രകണ്ടു കുറയ്ക്കാനുദ്ദേശിക്കുന്നു എന്നതും അതിനുള്ള നടപടിക്രമങ്ങളും കുറേക്കൂടി സുതാര്യമായി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതിനു മടിക്കുന്നതെന്തിനാണ്?

മദ്യത്തിന്റെ ലഭ്യത കുറയ്ക്കലും മദ്യവര്‍ജനവും എന്നതാണ് ഏറ്റം സ്വീകാര്യമായ നയവും സമീപനവും. സഭയുടെ ഭാഗത്തുനിന്നു മദ്യവര്‍ജന പ്രസ്ഥാനങ്ങള്‍ക്കും മദ്യവിരുദ്ധ സമീപനങ്ങള്‍ക്കും ശക്തമായ പിന്‍ബലം നല്‍കുന്നതാണ്. സഭാംഗങ്ങളില്‍ മദ്യപരായവരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും സഭ നേതൃത്വം നല്‍കും. മദ്യനയത്തിന്റെ നടപ്പാക്കല്‍ പൊതുസമൂഹത്തിന്റെ പൂര്‍ണമായ പിന്തുണയോടു കൂടിയേ നടപ്പിലാവൂ എന്നതു വിസ്മരിക്കുന്നില്ല.


യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയവുമായി പൊരുത്തപ്പെടുന്ന നടപടികളല്ല ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതു ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും മറ്റേതോ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കിയാല്‍ അതിനവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?

ജനക്ഷേമവും സാമൂഹ്യസുസ്ഥിതിയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പടിപടിയായി മദ്യനിരോധനം എന്ന ലക്ഷ്യത്തിനു വിരുദ്ധമായ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെയുംജനപിന്തുണയെയും സര്‍ക്കാരിന്റെ കെട്ടുറപ്പിനെത്തന്നെയും ബാധിക്കാവുന്നതാണ്. അതു ഭാവിയില്‍ ദോഷം ചെയ്തേക്കാം. മദ്യവില്പനയുടെ സമയം കുറച്ചതും ഔട്ട്ലെറ്റുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതും സ്വാഗതാര്‍ഹമാണ്.

യഥാര്‍ഥത്തില്‍ എന്താണു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എന്നത് ഇപ്പോഴും വ്യക്തമല്ല. യുഡിഎഫ് ഇക്കാര്യത്തില്‍ കുറേക്കൂടി വ്യക്തത വരുത്തേണ്ടതാണെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.