വിവരാവകാശം: ഗ്രാമീണജനതയെ ബോധവത്കരിക്കണമെന്നു ഡോ. സിബി മാത്യൂസ്
Saturday, December 20, 2014 1:00 AM IST
കൊച്ചി: വിവരാവകാശ നിയമത്തെക്കുറിച്ചു ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കു കൂടുതല്‍ അവബോധം നല്കണമെന്നു സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. എറണാകുളം ഗസ്റ് ഹൌസില്‍ വിവരാവകാശ നിയമത്തെക്കുറിച്ചു നടന്ന ദക്ഷിണേന്ത്യന്‍ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വെബ്സൈറ്റുകള്‍ വഴി സ്വമേധയാ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രീതി കാര്യക്ഷമമായി നടപ്പാക്കണം. വിവരാവകാശ നിയമം ഒരു നാഗരിക പ്രതിഭാസമായാണു കാണപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ നിയമം വഴി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്േടാ എന്നാണു പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുക വഴി ഭരണരംഗത്തെ സുതാര്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുക എന്ന വിഷയത്തില്‍ ഐഎംജി (ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) യാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മീഷണര്‍മാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചത്.


തമിഴ്നാട് വിവരാവകാശ കമ്മീഷണര്‍ കെ.എസ്. ശ്രീപതി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫ് അലി, എന്‍സിപിആര്‍ഐ കണ്‍വീനര്‍ ഡോ.ആബേ ജോര്‍ജ്, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍, മുംബൈ കസ്റംസ് അഡീഷണല്‍ ക്മ്മീഷണര്‍ ആര്‍.കെ. വര്‍മ്മ, ആര്‍ടിഐ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വി.എച്ച്. വിരേഷ്, ബി.വി. രഘു, പ്രശാന്ത് ബുര്‍ജെ (കര്‍ണാടക), കവിത ശ്രീനിവാസന്‍, വീരഭദ്ര റാവു (തെലുങ്കാന), എസ്.എന്‍. വെങ്കടേഷ്, വിദ്യാസാഗര്‍ (തമിഴ്നാട്), അഡ്വ. ഡി.ബി. ബിനു, ജോയ് കൈതാരത്ത് (കേരളം) എന്നിവര്‍ വിവരാവകാശ നടത്തിപ്പിലെ മികച്ച മാതൃകകള്‍ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.