നിയന്ത്രണം മറികടന്നു മരുന്നുവില കുതിക്കുന്നു
നിയന്ത്രണം മറികടന്നു മരുന്നുവില കുതിക്കുന്നു
Saturday, December 20, 2014 1:00 AM IST
സ്വന്തം ലേഖകന്‍

അടൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഔഷധവില നിയന്ത്രണം പാളുന്നു. വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളില്‍ പലതും വിപണിയിലെത്തുന്നത് നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ്. പട്ടിക തയാറാക്കിയതിലെ അശാസ്ത്രീയതയും നിയന്ത്രണം പാലിക്കാത്ത കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാത്തതുമാണ് ഇതിനു കാരണം.

അവശ്യ മരുന്നുകളില്‍ പലതും ഇപ്പോഴും പട്ടികയ്ക്കു പുറത്താണ്. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ മരുന്നുകള്‍ കൂടി പുതുതായി പട്ടികയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളില്‍ പലതും ചേരുവകളിലും വീര്യത്തിലും മാറ്റം വരുത്തി വളഞ്ഞ വഴിയിലൂടെ നിയന്ത്രണം മറികടക്കുകയാണ്.

ദേശീയ ഔഷധ വിലനിയന്ത്രണ അഥോറിറ്റി വിവിധ ഘട്ടങ്ങളായാണു ജീവന്‍ രക്ഷാ മരുന്നുകളുടെയും നിത്യോപയോഗ മരുന്നുകളുടെയും വിലനിയന്ത്രണ പട്ടിക തയാറാക്കിയത്. പട്ടിക തയാറാക്കുന്നതില്‍ ക്രമക്കേടുണ്െടന്ന പരാതിയെത്തുടര്‍ന്നു തിരുത്തലുകള്‍ നടത്തിയെങ്കിലും ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അവശ്യ മരുന്നുകള്‍ പലതും പട്ടികയില്‍ ഇടം കണ്ടില്ല.

പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളും ഉയര്‍ന്ന വിലയക്കു വില്‍ക്കാന്‍ കമ്പനികള്‍ക്കു തന്ത്രങ്ങളുമുണ്ട്. രക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന ലോസാര്‍ട്ടാന്‍ പൊട്ടാസ്യം വില നിയന്ത്രണത്തിലുള്ളതാണ്. 25, 50 എംജി മരുന്നുകള്‍ക്കു വില കുറച്ചപ്പോള്‍ ലോസാര്‍ട്ടാന്‍ പൊട്ടാസ്യം വിത്ത് ഹൈഡ്രോക്ളോറോതിയാസിസെയുടെ വില നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ഈ മരുന്നുകള്‍ വേര്‍തിരിച്ച് എത്തുന്ന റീപേസ് 50 ,അക്വാസൈഡ് 12.5 വിലകുറച്ച് നല്‍കുമ്പോള്‍ ഇവ രണ്ടും ചേര്‍ത്തു വരുന്ന റീപേസ് എച്ചിന്റെ വില ഇരട്ടിയോളമാണ്. ഇതേ വില അന്തരം യൂണിക്കെം കമ്പനിയുടെ ലോസാര്‍ 50യിലും, ലോസാര്‍ എച്ചിലും ഉണ്ട്. ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന വാര്‍ഫാരിന്‍ സോഡിയം 5 എംജി യുടെ വില നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, ഇതേ മരുന്നിന്റെ 1 എംജി 2, 3 അളവുകളുടെ പട്ടികയില്‍ ലഭ്യമല്ലാത്തതിനാല്‍ ഈ മരുന്നുകള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്ഫോര്‍മിന്‍ 500എംജി സസ്റെയിന്‍സ് റിലീസ് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍, പല മരുന്നു കമ്പനികളും വില നിയന്ത്രണം പാലിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം നിയന്ത്രണം പാലിച്ച് നിരക്ക് കുറഞ്ഞവയുടെ വില ഈ വര്‍ഷം 10 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്.


പാരസെറ്റമോള്‍ 125 എം ജി സിറപ്പ് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ഫെപ്പാനില്‍, ഡോളോപാര്‍, മെഡോമാള്‍ തുടങ്ങിയ മരുന്നു കമ്പനികള്‍ ഇതു പാലിക്കുന്നുണ്ട്. എന്നാല്‍, കാല്‍പ്പോള്‍, ഡോളോ എന്നിവ വീര്യത്തില്‍ മാറ്റം വരുത്തി 120 എംജിയാണ് വിപണിയില്‍ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ നിരക്ക് പത്തു രൂപയോളം കൂടുതലാണ്. പാരസെറ്റമോള്‍ ഗുളികയുടെ വില 500 എംജിയുടെ മാത്രമാണു നിശ്ചയിച്ചു നല്‍കിയത്. 500 എംജി ഗുളിക ഒരു രൂപയ്ക്കു ലഭിക്കുമ്പോള്‍ 650 എംജിയുടെ വില 2.20 രൂപയാണ്. ഡൈക്ളോഫെനാക് പോലെയുള്ള മറ്റു ചേരുവകള്‍ക്കൊപ്പം എത്തുന്ന പാരസെറ്റമോള്‍ ഗുളികകളും വിലനിയന്ത്രണം പാലിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.