ബാര്‍ ലൈസന്‍സ്: അഞ്ചു ദിവസംകൂടി
Saturday, December 20, 2014 12:58 AM IST
കൊച്ചി: പത്തു ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കണമെന്ന ഉത്തരവില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അഞ്ചു ദിവസംകൂടി അനുവദിച്ചു. ഇതിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനുവരി അഞ്ചിനു രാവിലെ 10.15നു നികുതി വകുപ്പു സെക്രട്ടറിയും എക്സൈസ് കമ്മീഷണറും കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നു ജസ്റീസ് എ.വി. രാമകൃഷ്ണപിള്ള നിര്‍ദേശിച്ചു.

കഴിഞ്ഞ പത്തിനു നല്‍കിയ ഉത്തരവു പാലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു തടയണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചെന്നും ബാര്‍ ഉടമകളുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം നടപ്പാക്കുന്നതിനു പത്തു ദിവസംകൂടി അനുവദിക്കണമെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ആവശ്യപ്പെട്ടു. എന്നാല്‍, ബാര്‍ ഉടമകള്‍ ഇതിനെ എതിര്‍ത്തു. ഈ അവസരത്തില്‍ ഹൈക്കോടതി അഞ്ചു ദിവസത്തെ സമയം അനുവദിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.


ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം 10 ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതു തന്റെ പരിധിയില്‍ നില്‍ക്കുന്ന കാര്യമല്ലെന്നാണു നികുതി വകുപ്പു സെക്രട്ടറി കോടതിയില്‍ സ്വീകരിച്ച നിലപാട്. ത്രീസ്റാര്‍, ഫോര്‍സ്റാര്‍ നിലവാരമുള്ള ബാറുകള്‍ക്കു ലൈസന്‍സ് കൊടുക്കുന്നതു സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകും. ഒരു ഉദ്യോഗസ്ഥനല്ല മന്ത്രിസഭയാണു നയവ്യതിയാനത്തിനു തീരുമാനം എടുക്കേണ്ടതെന്നും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ തനിക്കു നടപടികള്‍ സ്വീകരിക്കാനാകൂയെന്നും നികുതി വകുപ്പു സെക്രട്ടറി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.