മുഖപ്രസംഗം: അമേരിക്കയും ക്യൂബയും അടുക്കുമ്പോള്‍
Saturday, December 20, 2014 12:53 AM IST
അരനൂറ്റാണ്ടിനുശേഷം അമേരിക്കയും ക്യൂബയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ അതിന്റെ ചരിത്രപരമായ പ്രാധാന്യം വളരെ വലുതാണ്. അമേരിക്കയില്‍നിന്നു കേവലം നൂറ്റമ്പതു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ക്യൂബ എന്ന ദ്വീപുരാഷ്ട്രത്തിന്റെ തലവിധി തിരുത്തിയെഴുതുന്ന നടപടി കൂടിയാവുമിത്. ലോകത്തിലെ പ്രബല ശക്തിയായ അമേരിക്കയുടെ നയങ്ങളോടും നിലപാടുകളോടും പരസ്യമായ വിയോജിപ്പു പ്രഖ്യാപിച്ച് അവരുമായി ഇക്കാലമത്രയും പൊരുതിനിന്ന ക്യൂബ എന്ന കൊച്ചുരാഷ്ട്രവും അര നൂറ്റാണ്ട് ആ രാജ്യത്തെ നയിച്ച ഫിഡല്‍ കാസ്ട്രോയും ചരിത്രത്തിലെ അപൂര്‍വതകളാണ്. എന്തുകൊണ്ടാണു ലോകം അമേരിക്ക-ക്യൂബ ബന്ധത്തിന്റെ പുനഃസ്ഥാപനത്തെ വലിയ പ്രാധാന്യത്തോടെ കാണുന്നത്? അമേരിക്കന്‍ സൌഹൃദത്തിലൂടെ ക്യൂബയ്ക്ക് എന്തു നേട്ടമാണ് ഉണ്ടാക്കാനാവുന്നത്? ഇത്തരം ചില ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നു.

ക്യൂബ-അമേരിക്കന്‍ ബന്ധത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാലേ പുതിയ സംഭവവികാസത്തിന്റെ പ്രാധാന്യം മനസിലാവുകയുള്ളൂ. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ അമേരിക്കയുടെ പിന്തുണയോടെ ക്യൂബയില്‍ സ്വേച്ഛാധിപതിയായി വാണിരുന്ന 1950-കളില്‍ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ 81 അംഗ ഗറിലാ സംഘം ബാറ്റിസ്റാ ഭരണകൂടത്തിനെതിരേ ഒളിപ്പോര്‍ ആരംഭിച്ചു. 1959-ല്‍ ബാറ്റിസ്റയുടെ ഒളിച്ചോട്ടത്തിലാണ് ആ പോരാട്ടം അവസാനിച്ചത്. പിന്നീട് ക്യൂബയില്‍ കാസ്ട്രോയുഗം ആരംഭിച്ചു. സോവ്യറ്റ് പിന്തുണയോടെ കാസ്ട്രോ ഇടതുപക്ഷ ഭരണം ശക്തിപ്പെടുത്തി. ശീതയുദ്ധകാലത്ത് അമേരിക്കയുടെ മൂക്കിന്‍തുമ്പത്തെ മുള്ളായിരുന്നു ക്യൂബ.

ക്യൂബയില്‍ 1962-ല്‍ സോവ്യറ്റ് മിസൈലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമാവുമെന്നു കരുതിയവരുണ്ട്. ക്യൂബയില്‍നിന്നു മിസൈല്‍ മാറ്റിയില്ലെങ്കില്‍ അണുബോംബ് പ്രയോഗിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി മുന്നറിയിപ്പു നല്‍കുകവരെ ചെയ്തു. സോവ്യറ്റ് പ്രസിഡന്റ് നികിത ക്രൂഷ്ചേവും കടുത്ത നിലപാടിലായിരുന്നു. ലോകം ആശങ്കയുടെ മുള്‍മുനയിലായ ആ ഘട്ടത്തില്‍ അന്നു മാര്‍പാപ്പയായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ പ്രശ്നത്തില്‍ മാധ്യസ്ഥ്യം വഹിച്ചുവെന്നതു സ്മരണീയമാണ്. ഏതായാലും മിസൈല്‍ പിന്‍വലിക്കാന്‍ സോവ്യറ്റ് യൂണിയന്‍ തയാറായി. പിന്നീടും ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ല. കാസ്ട്രോയെ പുറത്താക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ടു കാസ്ട്രോ തലയുയര്‍ത്തി നിന്നെങ്കിലും ആഭ്യന്തരരംഗത്തു ഭരണമികവു കാട്ടാനോ ജനദുരിതങ്ങള്‍ ഇല്ലാതാക്കാനോ കാസ്ട്രോയ്ക്കു കഴിഞ്ഞില്ല. ക്യൂബയില്‍ ദാരിദ്യ്രവും തൊഴിലില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. പതിനായിരങ്ങള്‍ അമേരിക്കയിലേക്കു പലായനം ചെയ്തു. ദുരിതപൂര്‍ണമായിരുന്നു പലായനമെങ്കിലും നാള്‍ക്കുനാള്‍ അഭയാര്‍ഥികളുടെ സംഖ്യ വര്‍ധിച്ചുകൊണ്േടയിരുന്നു. അനധികൃത കുടിയേറ്റക്കാരില്‍ പലരും അമേരിക്കയില്‍ തടവുകാരായി. നിരവധിപേര്‍ രാഷ്ട്രീയാഭയം തേടി അമേരിക്കന്‍ പൊതുധാരയിലുമെത്തി. 1980-ല്‍ ഒന്നേകാല്‍ ലക്ഷം ആളുകളാണു ക്യൂബയില്‍നിന്ന് അമേരിക്കയിലേക്കു പലായനം ചെയ്തത്. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ഇത്തരം ലക്ഷക്കണക്കിനു ക്യൂബന്‍ വംശജരാണ്.


2008ല്‍ ശാരീരികാവശത മൂലം ഫിഡല്‍ കാസ്ട്രോ സഹോദരന്‍ റൌള്‍ കാസ്ട്രോയ്ക്ക് അധികാരം കൈമാറി. തന്റെ ഭരണത്തിന്റെ അവസാനകാലത്ത് ഫിഡലും അമേരിക്കയോട് അല്പം മയമുള്ള സമീപനമാണു സ്വീകരിച്ചത്. ഒബാമ അധികാരത്തില്‍ വന്നതിനുശേഷം ക്യൂബയുമായുള്ള ബന്ധത്തില്‍ ഊഷ്മളത കണ്ടുതുടങ്ങി. ക്യൂബയിലെ ബഹുഭൂരിപക്ഷവും ആ മാറ്റത്തെ അനുകൂലിച്ചു. തങ്ങളുടെ ദുരിതജീവിതത്തിന് അവസാനമുണ്ടാക്കാനുള്ള അവസരങ്ങള്‍ അവര്‍ അമേരിക്കയില്‍ കണ്െടത്തി. ഉപരോധത്തിന്റെയും ഒറ്റപ്പെടലിന്റെയും യാതനകളില്‍നിന്നു ക്യൂബ മോചിതമായിത്തുടങ്ങി. അമേരിക്കയില്‍ അഭയം തേടിയ ക്യൂബക്കാര്‍ക്ക് ജന്മരാജ്യത്തുള്ള ബന്ധുക്കള്‍ക്കു കൂടുതല്‍ പണം അയച്ചുകൊടുക്കാന്‍ അനുവാദം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനു ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്‍ഡേലയുടെ അനുസ്മരണച്ചടങ്ങില്‍ ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയും ഹസ്തദാനം നടത്തി പുതിയൊരധ്യായത്തിനു തുടക്കമിട്ടു. കാനഡയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പലവട്ടം സംഭാഷണങ്ങള്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 1998ല്‍ ക്യൂബ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂബയ്ക്കെതിരായ അമേരിക്കന്‍ ഉപരോധത്തെ അപലപിക്കുകയും ക്യൂബയിലെ ജനങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്യ്രം വേണമെന്നു ക്യൂബന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്യൂബ-അമേരിക്ക ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിനെ സ്വാഗതം ചെയ്യാത്തവര്‍ ഇരുരാജ്യങ്ങളിലുമുണ്ട്. റിപ്പബ്ളിക്കന്‍ കക്ഷിക്കു ഭൂരിപക്ഷമുള്ള അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഈ നടപടി ഒബാമയ്ക്കു വെല്ലുവിളിയുയര്‍ത്തിയേക്കാം. വന്‍ശക്തികളുടെ ചേരിപ്പോരും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലും വ്യക്തികളുടെ അഹന്ത തമ്മിലുമുള്ള ഏറ്റുമുട്ടലുകളും ഒരു രാജ്യത്തെയും സാധാരണ ജനങ്ങള്‍ക്കു ഗുണകരമായിട്ടില്ല. ചേരിപ്പോരിന്റെ കടുത്ത കയ്പ് ക്യൂബ കഴിഞ്ഞ അര നൂറ്റാണ്ടില്‍ അനുഭവിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷത്തിന്റെ അഗ്നി ആളിനില്‍ക്കുമ്പോള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരു നല്ല ബന്ധത്തിന്റെ നിലാവുദിക്കുന്നുവെന്നത് ആശ്വാസകരമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പുറംലോകം കാണാതിരുന്നവര്‍ക്കും സ്വാതന്ത്യ്രത്തിന്റെയും പുരോഗതിയുടെയും പുതിയ കാലം വരുന്നതിനെ മനുഷ്യസ്നേഹികള്‍ സ്വാഗതം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.