കര്‍ഷകന്റെ കൊലപാതകം: പ്രതി അറസ്റില്‍
കര്‍ഷകന്റെ കൊലപാതകം: പ്രതി അറസ്റില്‍
Friday, December 19, 2014 1:09 AM IST
നിലമ്പൂര്‍: കക്കാടംപൊയില്‍ വാളാന്തോടിലെ കര്‍ഷകന്‍ കാഞ്ഞിരത്താംകുഴി സുരേഷ്(44) വാഴത്തോട്ടത്തില്‍ കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതി പാലക്കാട് ആലത്തൂര്‍ മണ്ണാന്തറ കണ്ണനെ(52) പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തു. ബുധനാഴ്ച രാത്രി കോയമ്പത്തൂര്‍ ചാവടിയിലായിരുന്നു അറസ്റ്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുമ്പു കണ്ണൂര്‍ ജയിലില്‍ മൂന്നുവര്‍ഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പോലീസ് പറയുന്നത് ഇങ്ങനെ: നാലു മാസമായി കണ്ണന്‍ സുരേഷിന്റെ വാഴത്തോട്ടത്തിലെ ഷെഡിലാണു കിടക്കുന്നത്. പല ദിവസങ്ങളിലും കാവലിനായി സുരേഷ് ഷെഡിലുണ്ടാകും. സംഭവം നടന്ന ദിവസം സുരേഷും കണ്ണനും ഒന്നിച്ചു തിരുവമ്പാടിയില്‍ പോയിരുന്നു. അരിയും ഇറച്ചിയും മദ്യവും വാങ്ങി രണ്േടാടെ കണ്ണന്‍ വാളന്തോടിലേക്ക് മടങ്ങി. രാത്രി എട്ടോടെയാണു സുരേഷ് ഷെഡിലെത്തുന്നത്. തുടര്‍ന്ന്, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആദ്യം സുരേഷ് കണ്ണനെ അടിച്ചു.

ഇതോടെ താന്‍ പോകുകയാണെന്നു പറഞ്ഞു കണ്ണന്‍ ഷെഡില്‍നിന്നു പോയി. എന്നാല്‍, ഷെഡിനു സമീപം മാറിനിന്ന ശേഷം തനിച്ചിരിക്കുകയായിരുന്ന സുരേഷിനെ കണ്ണന്‍ കവുങ്ങിന്റെ അലകുകൊണ്ടു ചെവിയടക്കം തലയ്ക്കടിച്ചു. ഇതോടെ ബോധം പോയ സുരേഷിന്റെ വായില്‍ തുണി തിരുകിക്കയറ്റി. കൈമടക്കി കവിളില്‍ ഇടിക്കുകയും തുടര്‍ന്ന് തുണികൊണ്ടു വായടക്കം മുഖം മൂടിക്കെട്ടുകയും ചെയ്തു. കൈകള്‍ ഓരോന്നായി കഴുത്തിനോടു ചേര്‍ത്തു കെട്ടി. പിന്നീടു കാലുകളും കൂട്ടിക്കെട്ടി കാലില്‍ പിടിച്ചു വലിച്ചു വാഴത്തോട്ടത്തില്‍ കൊണ്ടിടുകയായിരുന്നു. രാത്രി എട്ടിനും പത്തിനും ഇടയിലാണ് ഇതു സംഭവിച്ചത്. പന്ത്രണ്േടാടെ സമീപത്തു കച്ചവടം ചെയ്യുന്ന കിരിക്കരക്കാട്ട് നോബിളിന്റെ വീട്ടില്‍ പോയി അമ്മാവന്‍ മരിച്ചെന്നു പറഞ്ഞു പൈസ കടം ചോദിച്ചു. തുടര്‍ന്നു ഷെഡിലേക്കു പോകാതെ സമീപത്തെ കടയുടെ സമീപം ഇരുന്ന ശേഷം പുലര്‍ച്ചെ നോബിളിനോട് 500 രൂപ വാങ്ങി.


കൊലപാതകത്തിനിടയില്‍ ഉടുത്തിരുന്ന മുണ്ടില്‍ ചോര പറ്റിയിരുന്നതിനാല്‍ സുരേഷിന്റെ അമ്മയില്‍നിന്നു വെള്ളമുണ്ടും വാങ്ങിയാണു തിരുവമ്പാടി ബസില്‍ കയറി പോയത്. ഇതിനിടയില്‍ സുഹൃത്തായ സുധാകരന്‍, സുരേഷിന്റെ ഭാര്യ സോഫി എന്നിവരെ ഫോണില്‍ വിളിച്ചു സുരേഷിനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പിന്നീടു കോയമ്പത്തൂരിലേക്കു പോയി. തുടര്‍ന്നു പോലീസിനു ലഭിച്ച വിവരമനുസരിച്ചുനടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പിക്കുപുറമേ നിലമ്പൂര്‍ സിഐ അബ്ദുള്‍ ബഷീര്‍, എസ്ഐ വി.ബാബുരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.