എംഇഎസ് പര്‍ദയ്ക്ക് എതിരല്ല: ഫസല്‍ ഗഫൂര്‍
എംഇഎസ് പര്‍ദയ്ക്ക് എതിരല്ല: ഫസല്‍ ഗഫൂര്‍
Friday, December 19, 2014 1:08 AM IST
കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിന് എതിരല്ലെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസല്‍ ഗഫൂര്‍. മുഖം മൂടിയുള്ള വസ്ത്രമായ നിഖാബിനെയാണ് എതിര്‍ക്കുന്നത്. അത്തരം ചില പ്രസംഗങ്ങളെ വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നു.

എംഇഎസിന്റെ ഒട്ടേറെ ഭാരവാഹികളുടെ ഭാര്യമാരും മക്കളുമെല്ലാം പര്‍ദയിടുന്നവരാണ്. ഇതുപയോഗിക്കാത്തവരുമുണ്ട്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എംഇഎസിന്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ അറുപതിനായിരത്തോളം വിദ്യാര്‍ഥിനികളില്‍ നാല്‍പതിനായിരവും മുസ്ലിം മതവിഭാഗത്തില്‍ പെടുന്നവരാണ്. ഇതില്‍ മുഖം മറച്ച് ഒരു കുട്ടി വന്നതൊഴിച്ചാല്‍ പ്രശ്നം അത്ര ഗൌരവമുള്ളതല്ല. എന്നാല്‍, ഇത്രയും പെണ്‍കുട്ടികളുടെ യൂണിഫോമും വസ്ത്രധാരണവും നിരീക്ഷിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന സംഘടനയെന്ന നിലയിലാണ് എംഇഎസ് ഇക്കാര്യത്തില്‍ നിലപാടു തുറന്നു പറഞ്ഞത്.

വസ്ത്രധാരണത്തില്‍ വ്യത്യസ്ത അഭിപ്രായം ഉള്ളവരുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം മുഖം മറയ്ക്കുന്ന വസ്ത്രത്തിന് എതിരാണ്. പക്ഷേ, സമസ്ത പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു വ്യത്യസ്ത അഭിപ്രായമുണ്ടാവാം. അവര്‍ക്ക് അതിനുള്ള സ്വാതന്ത്യ്രവുമുണ്ട്. എന്റെ പ്രസംഗത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് അയച്ച സമസ്തയുടെ കത്തു മുഖവിലയ്ക്കെടുക്കുന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ഥിനികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തു മുന്നേറുകയാണ്. ചില കേന്ദ്രങ്ങളുടെ മുഖം മൂടുന്ന വസ്ത്രമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ഈ വിഭാഗത്തെ അന്ധകാരത്തിലേക്ക് നയിക്കുമോയെന്നു ഭയപ്പെടുന്നു.


ന്യൂനപക്ഷ കമ്മീഷന്റെ ഇതുസംബന്ധിച്ചുള്ള കത്ത് ലഭിച്ചിട്ടില്ല. കാമ്പസുകളിലെ അരാഷ്ട്രീയം പ്രത്യാഘാതം സൃഷ്ടിക്കും. എംഇഎസിലെ പലര്‍ക്കും ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എന്‍.എം. മുജീബ് റഹ്മാന്‍, ജില്ലാ പ്രസിഡന്റ് സി.ടി. സക്കീര്‍ ഹുസൈന്‍, പി.കെ. അബ്ദുല്‍ ലത്തീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.