മനോജ് വധം: പ്രതികള്‍ ഉപയോഗിച്ചതു വ്യാജവിലാസത്തിലുള്ള സിം കാര്‍ഡ്
Friday, December 19, 2014 1:07 AM IST
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കിഴക്കെ കതിരൂരിലെ മനോജിനെ ബോംബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ടു സിംകാര്‍ഡുകള്‍ സിബിഐ സംഘം തിരിച്ചറിഞ്ഞു. സംഭവ ദിവസം മനോജ് വീട്ടില്‍നിന്ന് ഇറങ്ങുന്ന വിവരം പ്രതികള്‍ ഫോണിലൂടെ കൈമാറിയത് ഈ രണ്ടു സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്നു കണ്െടത്തി.

സിപിഎം അനുഭാവികളായ രണ്ടുപേരാണു വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചു പാനൂരിലെ ഒരു കടയില്‍നിന്നു സിംകാര്‍ഡുകള്‍ തരപ്പെടുത്തിയത്രെ. ഇതിനായി ഇരുവരും കതിരൂരില്‍നിന്നു രണ്ടു മൊബൈല്‍ ഫോണുകള്‍ വാങ്ങിയതായും കണ്െടത്തി. ഇവരെക്കുറിച്ചു വ്യക്തമായ വിവരം സിബിഐക്കു ലഭിച്ചെങ്കിലും ഇവരാരെന്നു വ്യക്തമാക്കാന്‍ അന്വേഷണ സംഘം തയാറായില്ല. സിം കാര്‍ഡ് തരപ്പെടുത്താന്‍ ഉപയോഗിച്ച ലൈസന്‍സിന്റെ കോപ്പിയും ഒറിജിനലും പരിശോധിച്ചപ്പോഴാണു വ്യാജമാണെന്നു വ്യക്തമായത്.

ഓഗസ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയുള്ള അഞ്ചു ദിവസങ്ങളിലാണു കൊലയാളിസംഘം ഈ ഫോണ്‍ ഉപയോഗിച്ചത്. ഫോണ്‍ നമ്പറുകളില്‍നിന്നു ബന്ധപ്പെട്ടവരുടെ വിവരങ്ങളും സിബിഐ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി വേണാടന്റവിട വിക്രമനെ ചോദ്യം ചെയ്തപ്പോഴാണു സിംകാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐക്കു ലഭിച്ചത്.


കൊലപാതകത്തിന് ഉപയോഗിക്കുന്നതിനായി പ്രതികള്‍ ഉഗ്രശേഷിയുള്ള അഞ്ചു ബോംബുകള്‍ കൈവശം വച്ചിരുന്നുവെന്നും ഇതില്‍ രണ്െടണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ബാക്കി ബോംബുകള്‍ എവിടെയാണ് എന്നതിനെക്കുറിച്ച് ഇതുവരെ വിവരമില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരാണ് അറസ്റിലായത്. നിലവില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ രാജ്യം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണു സിബിഐ.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ പാര്‍ട്ടി നേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും സിബിഐ സംഘം മനസിലാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ത്തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. രണ്ടു പ്രമുഖ നേതാക്കള്‍ക്കും കതിരൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനും ഗൂഢാലോചനയില്‍ പങ്കുണ്െടന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്െടത്തല്‍.

ഒരു പ്രമുഖ നേതാവിന്റെ പേരിലെടുത്ത സിം കാര്‍ഡില്‍നിന്നു കൊലയാളി സംഘത്തിലെ ചിലരെ വിളിച്ചതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്െടത്തിയതായാണു സൂചന. ഇക്കാര്യങ്ങളെല്ലാം സിബിഐ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കു ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.