മതേതര ഭാരതത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം അപലപനീയം: ജാഗ്രതാസമിതി
Friday, December 19, 2014 1:21 AM IST
ചങ്ങനാശേരി: ഭാരതത്തിന്റെ ഭരണഘടന മൌലികാവകാശങ്ങളായി പ്രഖ്യാപിക്കുന്ന വ്യക്തി സ്വാതന്ത്യ്രത്തെയും മതസ്വാതന്ത്യ്രത്തെയും നിഷേധിച്ചും മതേതരഭാരതത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ തമസ്കരിച്ചും ഭാരതത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള കേന്ദ്രഭരണം നടത്തുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കുല്‍സിത ശ്രമങ്ങള്‍ അപലപനീയമാണെന്ന് ചങ്ങനാ ശേരി അതിരൂപത പബ്ളിക് റിലേഷന്‍സ്-ജാഗ്രതാസമിതി യോഗം അഭിപ്രായപ്പെട്ടു.

എല്ലാ മതങ്ങളേയും തുല്യമായി കണ്ടുകൊണ്ട് മതപരമായി നിഷ്പക്ഷത പുലര്‍ത്തേണ്ട സര്‍ക്കാരും ഭരണകക്ഷിയും ഒരു പ്രത്യേക മതത്തിന്റെ വക്താക്കളും പ്രചാരകരുമായിമാറുന്നത് നഗ്നമായ ഭരണഘടനാലംഘമാണ്.

ഭഗവദ്ഗീത ദേശീയ മതഗ്രന്ഥമാക്കണമെന്നുള്ള കേന്ദ്രമന്ത്രികൂടിയായ ഉന്നതനേതാവിന്റെ പ്രസ്താവനയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള സംഘടിതമായ ഘര്‍ ഘര്‍ സ്വാഗത് എന്ന പദ്ധതിയും രാമനില്‍ വിശ്വസിക്കാത്തവരൊക്കെ ജാരസന്തതികളാണെന്നുള്ള പ്രഖ്യാപനവും ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജിയുടെ ഘാതകന് ധീരപരിവേഷം നല്‍കി നാടെങ്ങും പ്രതിമകള്‍ സ്ഥാപിക്കാനുള്ള പരിശ്രമങ്ങളുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ ഭാരതത്തിന്റെ ഗതി ദുര്‍ഗതിയാകുമെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ ലോകത്തിന്റെ മുന്‍പില്‍ രാജ്യത്തിന്റെ സ്ഥിതി പരിഹാസ്യമാകുമെന്നും യോഗം വിലയിരുത്തി.


അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് പനക്കേഴം, പിആര്‍ഒ പ്രഫ. ജെ.സി. മാടപ്പാട്ട്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, തോമസ് സെബാസ്റ്യന്‍ വൈപ്പിശേരി, കുര്യച്ചന്‍ പുതുക്കാട്ടില്‍, സജി മതിച്ചിപറമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, പ്രഫ. ജോസഫ് റ്റിറ്റോ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.