പിരിച്ചുവിടപ്പെട്ട കോളജ് പ്രിന്‍സിപ്പലിന് 50 ലക്ഷം നല്‍കണമെന്നു ഹൈക്കോടതി
Friday, December 19, 2014 1:18 AM IST
കൊച്ചി: കാലാവധിക്കു മുന്‍പ് സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കോളജ് പ്രിന്‍സിപ്പലിനു റിട്ടയര്‍മെന്റ് തീയതി വരെയുള്ള ശമ്പളം നല്‍കണമെന്നു ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. കോട്ടയം മണര്‍കാട് സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പലായിരിക്കെ 2003ല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട ഡോ.ജോണ്‍ കുര്യാക്കോസിനു വിരമിക്കേണ്ട 2015 ജൂലൈ 30 വരെ ലഭിക്കേണ്ട ശമ്പള തുകയായ 50 ലക്ഷം രൂപ മൂന്നു മാസത്തിനകം നല്‍കാനാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസുമാരായ എ.എം. ഷെഫീഖ്, ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഫുള്‍ ബെഞ്ച് ഉത്തരവിട്ടത്.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ ഇംഗ്ളീഷ് വിഭാഗം അധ്യാപകനായി 1985ല്‍ ജോലിയില്‍ പ്രവേശിച്ച ഡോ. ജോണ്‍ കുര്യാക്കോസിന് 2000 ജൂലൈ മൂന്നിനാണു മണര്‍കാട് സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പലായി നിയമനം ലഭിച്ചത്. കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട ഫണ്ടുപിരിവില്‍ കൃത്രിമം കാട്ടിയെന്ന ആരോപണങ്ങളെത്തുടര്‍ന്നാണു മാനേജ്മെന്റ് 2003ല്‍ ഹര്‍ജിക്കാരനെ പിരിച്ചുവിട്ടത്. സ്ഥിരമായിട്ടായിരുന്നു പ്രിന്‍സിപ്പല്‍ നിയമനമെങ്കിലും ഡപ്യൂട്ടേഷന്‍ എന്ന നിലയിലാണു പിരിച്ചുവിട്ടത്. ഇതിനെതിരേയാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.


പ്രിന്‍സിപ്പലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമപ്രകാരം അച്ചടക്ക നടപടി എടുക്കുന്നതിനു പകരം പിരിച്ചുവിട്ടതു ശരിയല്ലെന്നു കോടതി വിലയിരുത്തി. ഹര്‍ജിക്കാരനെ പ്രിന്‍സിപ്പിലായി നിയമിക്കുന്നതിനു ക്ഷണിക്കുകയും നിയമനം നടത്തുകയും ചെയ്തതാണ്. ഇക്കാരണത്താല്‍ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ പിരിച്ചുവിടാനാവില്ല.

അനാവശ്യ ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന വാദം പരിഗണിക്കേണ്ടതുണ്െടന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.