സിപിഎം സ്വാധീനം തടയാന്‍ കുടുംബശ്രീയില്‍ രഹസ്യബാലറ്റ്
Friday, December 19, 2014 1:15 AM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: സ്ത്രീകളുടേയും അതുവഴി കുടുംബത്തിന്റേയും ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ തുടക്കമിട്ട കുടുംബശ്രീയെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്നു മോചിപ്പിക്കാന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ രഹസ്യ ബാലറ്റ് എന്ന പുതിയ പരിഷ്കാരവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. കുടുംബശ്രീയുടെ നിയന്ത്രണാധികാരം സിപിഎം കൈവശപ്പെടുത്തുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയരുകയും യുഡിഎഫിനകത്തും ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണു രാഷ്ട്രീയ നിറം നോക്കി പ്രവര്‍ത്തിക്കുന്നവരെ തടയിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

സിപിഎം നേതൃത്വം നിര്‍ദേശിക്കുന്നവരാണു കൂടുംബശ്രീ ഭാരവാഹികളാകുന്നതെന്ന പരാതി ഇതുവഴി ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കഴിഞ്ഞ തവണ കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായ മത്സരമാണു നടന്നതെന്നു കുടുംബശ്രീ മിഷന്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു. കുടുംബശ്രീയില്‍ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു വരുന്ന തെരഞ്ഞെടുപ്പില്‍ രഹസ്യ ബാലറ്റ് ഉപയോഗിക്കാവുന്ന നിയമാവലി ഭേദഗതിക്കു സര്‍ക്കാര്‍ തയാറായത്.

ഒന്നില്‍ക്കൂടുതല്‍ പേര്‍ മത്സരരംഗത്തുണ്ടായാല്‍ രഹസ്യബാലറ്റ് ഉപയോഗിച്ചു തെരഞ്ഞെടുപ്പു നടത്തണമെന്നാണു പുതിയ നിര്‍ദേശം. ഇതിനായി കളക്ടര്‍ ചുമതലപ്പെടുത്തുന്ന വരണാധികാരിയുണ്ടാകും. സിഡിഎസ്, എഡിഎസ് തലത്തില്‍ പ്രത്യേക വരണാധികാരികളുണ്ടാകും. എഡിഎസ് തലത്തില്‍ നിയമിക്കുന്ന ഒരു വരണാധിക്ക്് നാലു വാര്‍ഡുകളുടെ ചുമതലയുണ്ടാകും. ഈ വാര്‍ഡുകളിലെ അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പും ഈ വരണാധികാരിയുടെ നിയന്ത്രണത്തിലായിരിക്കും. ഒന്നില്‍ക്കൂടുതല്‍ പേര്‍ മത്സര രംഗത്തുണ്ടായാല്‍ കൈ ഉയര്‍ത്തി ഭൂരിപക്ഷ പിന്തുണയുള്ള വ്യക്തിയെ തെരഞ്ഞെടുക്കുന്നതായിരുന്നു പതിവ് രീതി.

തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഈ മാസം 24 ന് ഇറങ്ങാനിരിക്കെയാണു രഹസ്യബാലറ്റുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയില്‍ രാഷ്ട്രീയത്തിനതീതമായ തെരഞ്ഞെടുപ്പാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളെ ഏകോപിപ്പിച്ചു സമരരംഗത്തിറക്കുന്ന സിപിഎം തന്ത്രത്തിനും ഇതുവഴി തടയിടാനാകുമെന്നു സര്‍ക്കാര്‍ കരുതുന്നു. കോണ്‍ഗ്രസ് ജനശ്രീ രൂപവത്കരിച്ചതോടെയാണു കുടുംബശ്രീയെ പാര്‍ട്ടിനിയന്ത്രണത്തിലേക്കു കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയതെന്നാണ് യുഡിഎഫ് ആരോപണം.


കഴിഞ്ഞ തവണ ഭാരവാഹി തെരഞ്ഞെടുപ്പിനു മുമ്പു കുടുംബശ്രീയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കുടുംബശ്രീ അംഗങ്ങളെ സിപിഎം പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി യോഗം നടത്തിയ സംഭവങ്ങളുമുണ്ടായിരുന്നു. ഇതു മുന്നില്‍ക്കണ്ടാണു സിപിഎം ഇടപെടല്‍ കുറക്കാനായി തെരഞ്ഞെടുപ്പില്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ രണ്ടുതവണ ഭാരവാഹികളായിരുന്നവര്‍ക്കു മത്സരിക്കുന്നതില്‍ വിലക്കുണ്ട്. രാഷ്ട്രീയക്കാരുടെ പ്രതിനിധികളായെത്തുന്നവര്‍ സ്ഥിരം ഭാരവാഹികളാകുന്നുവെന്ന പരാതിയും വ്യാപകമാണ്. ഇതു പുതിയ അംഗങ്ങള്‍ക്കു തിരിച്ചടിയാണ്. ഇതൊഴിവാക്കാനാണു രണ്ടു തവണ ഭാരവാഹികളായവരെ തഴഞ്ഞത്. 19,500 എഡിഎസുകളില്‍ പകുതിയിലേറെ ചെയര്‍പേഴ്സണ്‍മാരും രണ്ടു തവണ ഭാരവാഹികളായിരുന്നവരാണ്. ഇതോടെ മലബാര്‍ മേഖലയിലുള്ള ഭൂരിഭാഗം ഭാരവാഹികളും മാറേണ്ടി വരും.

ജനുവരി എട്ടു മുതല്‍ 14 വരെയാണ് അയല്‍ക്കൂട്ടം തെരഞ്ഞെടുപ്പ്, 18 മുതല്‍ 21 വരെ എഡിഎസുകളിലേക്കുള്ള തെരഞ്ഞെടുപ്പും, ജനുവരി 25 ന് ജെഡിഎസ് തെരഞ്ഞെടുപ്പും നടത്താനാണ് തീരുമാനം. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമവുമായി മറുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.