ഭാരതത്തിലെ ആദ്യ ക്രിസ്മസ് കേക്കിനു 130 വയസ്
ഭാരതത്തിലെ ആദ്യ ക്രിസ്മസ് കേക്കിനു 130 വയസ്
Friday, December 19, 2014 1:11 AM IST
തലശേരി: ഭാരതത്തിലെ ആദ്യ ക്രിസ്മസ് കേക്കിനു ഡിസംബര്‍ 23ന് 130 വയസ് തികയുന്നു. മലയാളിയുടെ നാവിന്‍ തുമ്പില്‍ പുതിയ രുചിക്കൂട്ട് പകര്‍ന്നുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയതു തലശേരിയിലാണ്. 1883 ഡിസംബര്‍ 23നാണ് അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിലെ ഫ്രാന്‍സിസ് കാര്‍ണാക്ക് ബ്രൌണ്‍ സായിപ്പിനു വേണ്ടി തലശേരിക്കാരനായ മമ്പള്ളി ബാപ്പു കേക്ക് തയാറാക്കിയത്. ബാപ്പു ആദ്യമായി നിര്‍മിച്ച ക്രിസ്മസ് കേക്കാണെങ്കിലും കേക്കിന്റെ രുചി സായിപ്പിനെ അമ്പരപ്പിക്കുക തന്നെ ചെയ്തു.

ധര്‍മടം സ്വദേശിയായ കൊല്ലപ്പണിക്കാരനെ കൊണ്ടാണു കേക്കിന്റെ അച്ചുണ്ടാക്കിച്ചത്. ബ്രൌണ്‍ സായ്പ് ഇംഗ്ളണ്ടില്‍ നിന്നു കൊണ്ടുവന്ന ക്രിസ്മസ് കേക്ക് ബാപ്പുവിനു നല്കി അതിന്റെ ചേരുവകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ബാപ്പു തയാറിക്കി നല്കിയ കേക്ക് രുചിച്ച സായിപ്പ് 'എക്സലന്റ്് എന്നു പറഞ്ഞു ബാപ്പുവിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്നു കേക്കിന്റെ നാടായി മാറിയ തലശേരി ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.


1880ലാണു മമ്പള്ളി ബാപ്പു റോയല്‍ ബിസ്ക്റ്റ് ഫാക്ടറി സ്ഥാപിച്ചത്. സായ്പന്മാരുടെ ഭക്ഷണ രീതി മനസിലാക്കിയ ബാപ്പു അവര്‍ക്കു വേണ്ടിയാണു റൊട്ടിയും ബിസ്കറ്റും ഉണ്ടാക്കാന്‍ തുടങ്ങിയത്. ആ കാലഘട്ടത്തില്‍ മമ്പള്ളി റോയല്‍ ബിസ്ക്റ്റ് ഫാക്ടറിക്കു മുന്നില്‍ മദാമ്മമാരും ബട്ലര്‍മാരും റൊട്ടിക്കു വേണ്ടി ക്യൂനില്‍ക്കുന്നതു സ്ഥിരം കാഴ്ചയായിരുന്നുവെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മേരിമാത ചാരിറ്റബിള്‍ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ക്രിസ്മസ് കേക്കിന്റെ 130-ാം വാര്‍ഷികം ഇന്ന് തലശേരിയില്‍ ആഘോഷിക്കും. നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ ഉദ്ഘാടനംചെയ്യും. സബ് കളക്ടര്‍ നവ്ജോത് ഖോസ മുഖ്യാതിഥിയായിരിക്കും. മേരിമാത ചാരിറ്റബിള്‍ ട്രസ്റ് ചെയര്‍മാന്‍ റവ.ഡോ.ജി.എസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. മമ്പള്ളി ബേക്കറിയിലെ ഇളംതലമുറയിലെ എം.എം. പ്രകാശ്, പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍, ജോയിന്റ് സെക്രട്ടറി എന്‍.സിറാജുദീന്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.