കെഎസ്ആര്‍ടിസി ടിക്കറ്റിനു സെസ്: ബില്‍ പാസായി; ടിക്കറ്റ് നിരക്കില്‍ വര്‍ധന ഉടന്‍
കെഎസ്ആര്‍ടിസി ടിക്കറ്റിനു സെസ്: ബില്‍ പാസായി;  ടിക്കറ്റ് നിരക്കില്‍ വര്‍ധന ഉടന്‍
Friday, December 19, 2014 12:21 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റിന്മേല്‍ സെസ് ചുമത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന നിയമം പാസായി. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുന്ന തീയതി മുതല്‍ സെസ് നിലവില്‍ വരുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാകും.

യാത്രക്കാര്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും പെന്‍ഷന്‍ ഫണ്ടിലേക്കു തുക സമാഹരിക്കുന്നതിനായുമാണു സെസ് ചുമത്തുന്നത്. സെസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിവര്‍ഷം 164 കോടി രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് എത്തുമെന്നു മന്ത്രി അറിയിച്ചു.

പതിനാലു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കു സെസ് ഉണ്ടാകില്ല. 15 മുതല്‍ 24 വരെ രൂപയുള്ള ടിക്കറ്റിന് ഒരു രൂപ, 25 മുതല്‍ 49 വരെ രൂപ ടിക്കറ്റിനു രണ്ടു രൂപ, 50 മുതല്‍ 74 വരെ രൂപ ടിക്കറ്റിനു മൂന്നു രൂപ, 75 മുതല്‍ 99 വരെ രൂപ ടിക്കറ്റിനു നാലു രൂപ, 100 രൂപ മുതല്‍ മുകളിലോട്ടുള്ള ടിക്കറ്റിനു പത്തു രൂപ എന്ന നിരക്കിലായിരിക്കും സെ സ് ചുമത്തുക. അപകടത്തില്‍ പെടുന്ന യാത്രക്കാര്‍ക്കു പരമാവധി അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നു മന്ത്രി അറിയിച്ചു.


യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മൂന്നര വര്‍ഷത്തിനിടയില്‍ കെഎസ്ആര്‍ടിസിക്കു വായ്പയും ഗ്രാന്റുമായി 1213.07 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ 300 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റിയും ലഭ്യമാക്കി. എന്നാല്‍, കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലയളവിനിടയില്‍ 600.83 കോടി രൂപ മാത്രമാണു സര്‍ക്കാര്‍ കോര്‍പറേഷനു നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ച കൂടാതെയാണു ബില്‍ പാസാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.