ലോഡിറക്കുന്നതിനിടെ ഗ്രാനൈറ്റ് പാളികള്‍ക്കിടയില്‍പ്പെട്ടു തൊഴിലാളി മരിച്ചു
ലോഡിറക്കുന്നതിനിടെ ഗ്രാനൈറ്റ് പാളികള്‍ക്കിടയില്‍പ്പെട്ടു തൊഴിലാളി മരിച്ചു
Thursday, December 18, 2014 12:13 AM IST
കുറവിലങ്ങാട്: ലോറിയിലെത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ഗ്രാനൈറ്റ് പാളികള്‍ക്കിടയില്‍പ്പെട്ടു തൊഴിലാളി മരിച്ചു. ആയാംകുടി കപിക്കാട് തെക്കേച്ചിറയില്‍ (കുടിലില്‍) ബിജുമോന്‍ വേലായുധനാണു(42) മരിച്ചത്. കാലിനു ഗുരുതര മായി പരിക്കേറ്റ മാന്‍വെട്ടം കുരിശുംതൊട്ടിയില്‍ ബിനോയി വര്‍ഗീസിനെ (കുട്ടായി-34) കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെ തോട്ടുവ-കാണക്കാരി റോഡില്‍ നസ്രത്ത്ഹില്‍ സ്കൂളിനു മുന്നിലായിരുന്നു അപകടം.

കുറുപ്പന്തറയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന ബിജു, നസ്രത്ത്ഹില്ലില്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനാണു സഹപ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കൊപ്പം എത്തിയത്. ബംഗളൂരുവില്‍നിന്നു കുറുപ്പന്തറയിലെത്തിയ ലോറിയില്‍ നിന്ന് 40 ഗ്രാനൈറ്റ് പാളികളാണു നസ്രത്ത്ഹില്ലിലെത്തിച്ചത്.

20 വീതം സ്ളാബുകള്‍ ലോറിയുടെ രണ്ടു വശങ്ങളിലായി അടുക്കിവച്ചിരിക്കുകയായിരുന്നു. റോഡരികില്‍ ഇടതുവശത്തേക്ക് അല്പം ചെരിഞ്ഞ നിലയിലായിരുന്നു ലോറി. വലതുവശത്തിരുന്ന സ്ളാബുകള്‍ കെട്ടഴിച്ച് ഇറക്കാനായിരുന്നു ശ്രമം.


അപകടസമയം ബിജുമോന്‍ സ്ളാബുകളുടെ ഇടയിലാണ് നിന്നിരുന്നത്. കെട്ടഴിക്കുന്നതിനിടയില്‍ വലതുവശത്തെ സ്ളാബുകള്‍ ഒന്നാകെ ഇടതുവശത്തേക്കു ചെരിഞ്ഞതോടെ ബിജുമോന്‍ അവയ്ക്കിടയില്‍പ്പെട്ടു ഞെരിഞ്ഞമര്‍ന്നു. സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു മണ്ണുമാന്തി ഉപയോഗിച്ച് സ്ളാബുകള്‍ പൊട്ടിച്ചുമാറ്റി ബിജുമോനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ബിജുമോനെ പുറത്തെടുക്കാനായത്.

ബിജുമോന്റെ സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പില്‍. കാസര്‍ഗോഡ് നീലേശ്വരം കദളിക്കാല കുടുംബാംഗം ഷീബയാണു ഭാര്യ. എല്‍കെജി വിദ്യാര്‍ഥി അഭിജിത്, അഭിനവ് എന്നിവരാണു മക്കള്‍. വേലായുധന്‍-ചെല്ലമ്മ ദമ്പതികളുടെ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.