ഗണേഷ്കുമാറിന്റെ ആരോപണം: അന്വേഷണത്തിനു ലോകായുക്ത ഉത്തരവ്
ഗണേഷ്കുമാറിന്റെ ആരോപണം: അന്വേഷണത്തിനു ലോകായുക്ത ഉത്തരവ്
Thursday, December 18, 2014 12:13 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരേ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്. അഴിമതി നടത്തിയവരെക്കുറിച്ചു തനിക്കറിയാമെന്നു ഗണേഷ്കുമാര്‍ പാലക്കാട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തെളിവെടുപ്പിനായി അടുത്ത ജനുവരി അഞ്ചിനു ഗണേഷ്കുമാറിനോടു നേരിട്ടു ഹാജരാകാന്‍ ലോകായുക്ത നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടകുളം നല്‍കിയ പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണു നടപടി. സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തിന്റെ സിഡി ഹര്‍ജിക്കാരന്‍ കോടതിയില്‍ നല്‍കിയിരുന്നു.


പാലക്കാട്ടു നടത്തിയ പ്രസംഗത്തിനുശേഷം നിയമസഭയിലും ഗണേഷ്കുമാര്‍ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരേ ആരോപണമുന്നയിച്ചിരുന്നു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു താന്‍ പരാതി നല്‍കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതു നിഷേധിച്ചു. ഗണേഷിന്റെ ആരോപണങ്ങള്‍ പൊതുമരാമത്തു മന്ത്രിയും നിഷേധിച്ചു. സര്‍ക്കാരും അന്വേഷണത്തിനു തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.