ശിവഗിരി തീര്‍ഥാടനവും ദൈവദശക രചനാ ജൂബിലി ആഘോഷവും 30 മുതല്‍
Thursday, December 18, 2014 12:27 AM IST
കൊച്ചി: എണ്‍പത്തിരണ്ടാമതു ശിവഗിരി തീര്‍ഥാടനവും ദൈവദശക രചനാ ശതാബ്ദി ആഘോഷവും 30, 31 ജനുവരി ഒന്ന് തീയതികളിലായി നടക്കുമെന്നു ശിവഗിരി തീര്‍ഥാടക കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ക്രിസ്മസ് ദിനത്തില്‍ ശിവഗിരി മഹാസമാധിയില്‍നിന്നു പത്തു കിലോമീറ്റര്‍ ദൂരത്തില്‍ കാന്‍വാസ് തീര്‍ത്ത് ആയിരങ്ങള്‍ അതില്‍ ദൈവദശകം എഴുതി ലോകസമാധാനത്തിനു വേണ്ടി ഐക്യരാഷ്ട്ര സഭയ്ക്കു സമര്‍പ്പിക്കും.

30ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന ദൈവദശക രചനാ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആര്‍.കെ.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ആശീര്‍വാദ പ്രസംഗം നടത്തും. മന്ത്രി കെ. ബാബു മുഖ്യാതിഥി ആയിരിക്കും. പത്തു കിലോമീറ്റര്‍ ദൂരത്തിലുള്ള ഒറ്റ പേപ്പറില്‍ പല ഭാഷകളിലായിരിക്കും ദൈവദശകം എഴുതുക. ഇതു ഗിന്നസ് റിക്കാര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും തുടങ്ങി. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, ഇമാം ഹുസൈന്‍ ബാഖവി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ എന്നിവര്‍ മതസമന്വയ സന്ദേശം നല്‍കും. സ്വാമി സച്ചിദാനന്ദ ദൈവദശക വിജ്ഞപ്തി പ്രസംഗം നടത്തും. ദൈവദശകത്തിന്റെ അറബ് പരിഭാഷ സമ്മേളത്തില്‍ പ്രകാശനം ചെയ്യും. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ പി.പി. രാജന്‍, പി.എസ്. ബാബുറാം എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.