ഡിസിഎല്‍
Thursday, December 18, 2014 12:26 AM IST
കൊച്ചേട്ടന്റെ കത്ത് / പെഷവാറിലെ വിഷപ്പാമ്പുകള്‍

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

"ഹേ, പെഷവാര്‍.... നിന്റെ നിലയ്ക്കാത്ത വിലാപങ്ങളോട് ഹൃദയം ചേര്‍ത്തുവച്ച് ദൈവവും തേങ്ങുന്നുണ്ടാവും. അക്ഷരങ്ങളിലെ അറിവിന്റെ ഉറവിടമായ അദൃശ്യദൈവത്തെ വിദ്യാഭ്യാസത്തിലൂടെ ആരാധിച്ചുകൊണ്ടിരുന്ന നൂറിലേറെ മാലാഖാക്കുഞ്ഞുങ്ങളുടെ നേരേയാണ്, പൈശാചികതയുടെ വിഷം ചീറ്റിക്കൊണ്ട്, ആ നരാധമന്മാര്‍ ചുടലനൃത്തം ചവിട്ടിയത്! പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്കൂളിലേക്ക് ഇരച്ചുകയറി താലിബാന്‍ തീവ്രവാദികള്‍ വെടിവച്ചുകൊന്നത്, ഒന്നുമറിയാത്ത നിരപരാധികളായ 130ലേറെ വിദ്യാര്‍ഥികളുള്‍പ്പെടെ 145 പേരെയാണ്. ലോകമന:സാക്ഷി വിറങ്ങലിച്ചുനില്‍ക്കുകയാണ്, ഈ പൈശാചികതയ്ക്കുമുന്നില്‍!

എന്തിനായിരുന്നു ഈ അരുംകൊല. പാക്കിസ്ഥാന്‍ പട്ടാളം താലിബാന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ പ്രതികാരം. അതിന് ഒന്നുമറിയാത്ത ഈ കുട്ടികള്‍ എന്തുപിഴച്ചു. കാഞ്ചിവലിച്ച വിരലുകള്‍ക്കോ, തുളഞ്ഞുകയറിയ വെടിയുണ്ടകള്‍ക്കോ ഇതിനുത്തരമില്ല.

ക്രിസ്മസിന്റെ സന്തോഷസന്ദേശം കൂട്ടുകാര്‍ക്കു നല്‍കാനാണു പേനയെടുത്തത്. എന്നാല്‍, മാലാഖാഗാനവും കുഞ്ഞാടിന്‍ സ്വരങ്ങളും ബേത്ലഹേമിലെ മഞ്ഞുപുതഞ്ഞ താഴ്വരകളുടെ കുളിരും വര്‍ണിക്കുവാനുള്ള വാക്കുകള്‍ വഴിമാറി, പെഷവാറിലേക്കു പോയി. നമുക്കും ഈ ക്രസ്മസിന് ഒരു പുല്ലിന്റെപോലും വിലയില്ലാതെ, അകാലബലിയായ പെഷവാറിലെ കൂട്ടുകാരുടെ കണ്ണീര്‍പ്പുല്‍ക്കൂടുകളിലേക്കു പോകാം.

ഈ ക്രിസ്മസിന് ഉണ്ണിയേശു പെഷവാറിലായിരിക്കും. അവിടെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മനസില്‍ നിലയ്ക്കാത്ത കണ്ണുനീര്‍ത്തുള്ളിയായി അവന്‍ പിറക്കും. അവിടെ പെങ്ങളെ നഷ്ടപ്പെട്ട ആങ്ങളമാര്‍ക്കും സഹോദരനെ കാണാന്‍ കൊതിക്കുന്ന പെങ്ങന്മാര്‍ക്കും വ്യഥ തിളയ്ക്കുന്ന നെടുവീര്‍പ്പായി ഉണ്ണിയേശു പിറക്കും.

ഈ ക്രിസ്മസിന് ഊണ്ണീശോയ്ക്കു നല്ല തിരക്കായിരിക്കും. കൂട്ടക്കൊല നടന്ന ആര്‍മിപബ്ളിക്സ്കൂളിലെ രക്തം ഒട്ടിപ്പിടിച്ച ക്ളാസ്മുറികളില്‍ ചിതറിക്കിടക്കുന്ന നോട്ട്ബുക്കുകളില്‍ പാതിയെഴുതിയ ക്ളാസ്നോട്ടുകള്‍ അവന്‍ പൂര്‍ത്തിയാക്കും. കൂട്ടുകാര്‍ പിടഞ്ഞുമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടിവന്ന സഹപാഠികളുടെ ചിതറിയ മനസിന്റെ അബോധതലങ്ങളില്‍ അവന്‍ തനിയെയിരുന്ന്, സ്നേഹശാന്തിയുടെ ക്രിസ്മസ് കരോള്‍ പാടുകയാവും... ആ ക്ളാസ്മുറികളില്‍ മരണവെപ്രാളത്തോടെ ഓടിയൊളിക്കാന്‍ ശ്രമിച്ചിട്ടും ആ പിശാചുക്കളുടെ തോക്കിന്‍കുഴലിന് തീറ്റയാകേണ്ടിവന്ന നിഷ്കളങ്കരായ മാലാഖാക്കൂട്ടുകാരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിയുടെ ക്രിസ്മസ് കാര്‍ഡുകള്‍ അവന്‍ അയയ്ക്കുന്നുണ്ടാവും... എന്തായാലും ഉണ്ണിയേശു തിരക്കിലാണ്.

നമ്മളോ? നമ്മളും തിരക്കിലാണ്. നമുക്കു വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും വൈബറിലും ക്രിസ്മസ് മെസേജുകള്‍ അയയ്ക്കുവാനുണ്ട്. ചാനലുകള്‍ മത്സരിച്ചൊരുക്കുന്ന ക്രിസ്മസ് ചന്തകളില്‍ സ്വയം നഷ്ടപ്പെടേണ്ടതുണ്ട്. കൂട്ടുകാര്‍ ശ്രദ്ധിക്കണം. നമ്മള്‍ ഒരുക്കുന്ന പുതിയ പുല്‍ക്കൂടുകളിലെ പുല്‍മെത്തയില്‍നിന്നും ഉണ്ണിയേശു ഇറങ്ങിപ്പോയേക്കാം. രാക്കുളിരില്‍ തന്നെ തഴുകിയുറക്കാനെത്തുന്ന കുഞ്ഞിക്കാറ്റില്‍ അയലത്തെവിടെനിന്നെങ്കിലും ആരുടെയെങ്കിലും വിലാപങ്ങള്‍, നിലവിളികള്‍, നെടുവീര്‍പ്പുകള്‍ ചിതറിവരുന്നുണ്േടാ എന്നു കാതോര്‍ത്താണ് പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു ഉറങ്ങാതെ കിടക്കുന്നത്.

നമുക്കു പുല്‍ക്കൂട്ടില്‍ കിടക്കാനൊന്നും കഴിയില്ല. എങ്കിലും നമ്മുടെയുള്ളില്‍ നമുക്കായി നാമൊരുക്കുന്ന സ്വാര്‍ത്ഥതയുടെ സുരക്ഷിത കൂടാരത്തിനപ്പുറത്ത്, ഒരു കണ്ണുനീര്‍ത്തുള്ളിയും അനാഥമാകില്ലെന്ന് ഉറപ്പുവരുത്താം. പെഷവാറിലെ കൂട്ടക്കൊലയെ ദീപിക ബാലസഖ്യം ശക്തമായി അപലപിക്കുന്നു. ജീവന്‍ പൊലിഞ്ഞ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലിയര്‍പ്പിക്കുന്നു. അയല്‍ക്കാരന്റെ കണ്ണീരില്‍ത്തെളിയുന്ന ഉണ്ണീശോയെ തിരിച്ചറിയാനുള്ള അവസരമാകട്ടെ, ഏവര്‍ക്കും ഈ ക്രിസ്മസ്.

ക്രിസ്മസ് മംഗളാശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍

ഡിസിഎല്‍ കിഡ്സ്ഫെസ്റ്

കോട്ടയം: ദീപിക ബാലസഖ്യം നഴ്സറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കിഡ്സ് ഫെസ്റ് സംഘടിപ്പിക്കുന്നു. എല്‍.കെ.ജി.., യു.കെ.ജി. ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് മത്സരം. മേഖല, പ്രവിശ്യാതലങ്ങളിലായിരിക്കും മത്സരം.

കളറിംഗ്, കഥപറച്ചില്‍ (ഇംഗ്ളീഷ്, മലയാളം), ലളിതഗാനം, ആക്ഷന്‍ സോംഗ് (ഗ്രൂപ്പ് ഐറ്റം) എന്നീ ഇനങ്ങളിലായിരിക്കും മത്സരം. ആക്ഷന്‍ സോംഗ് ഒഴികെയുള്ള എല്ലാ മത്സരങ്ങളും എല്‍.കെ.ജി. വിഭാഗത്തിനും യു.കെ.ജി. വിഭാഗത്തിനും പ്രത്യേകമായിരിക്കും. മേഖലാതല വിജയികള്‍ക്കായി പ്രവിശ്യാതല മത്സരങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു മേഖലാ ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.

പാലാ മേഖലാ ചോക്ളേറ്റ് ക്വിസ് ജനുവരി 3-ന്

പാലാ: ദീപിക ബാലസഖ്യം പാലാ മേഖലാ ചോക്ളേറ്റ്ക്വിസും കേട്ടെഴുത്തു മത്സരവും ജനുവരി മൂന്നിന് പാലാ ളാലം സെന്റ് മേരീസ് എല്‍.പി. സ്കൂളില്‍ നടക്കും.

മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കും. എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളിലായാണു മത്സരം. ചോക്ളേറ്റ്ക്വിസിന് ഒരു ടീമില്‍ രണ്ടുപേരാണ് ഉണ്ടായിരിക്കേണ്ടത്. ഒരു സ്കൂളില്‍നിന്നും ഓരോ വിഭാഗത്തിലും രണ്ടു ടീമിനു വീതം പങ്കെടുക്കാം. ദീപികയുടെ വിദ്യാഭ്യാസ സപ്ളിമെന്റായ ചോക്ളേറ്റിനെ അടിസ്ഥാനമാക്കി 80 ശതമാനം ചോദ്യങ്ങളും ബാക്കി 20 ശതമാനം പൊതുവിജ്ഞാനവും ആയിരിക്കും മത്സരത്തിന് ചോദിക്കുക.കേട്ടെഴുത്തു മത്സരവും എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തിരിച്ചായിരിക്കും നടത്തുക.


സംസ്ഥാന ടാലന്റ് ഫെസ്റ് ഫെബ്രുവരി 7-ന് കോട്ടയം ലൂര്‍ദ് പബ്ളിക് സ്കൂളില്‍

കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റും ഐക്യു സ്കോളര്‍ഷിപ്പ് ്അവാര്‍ഡ് വിതരണവും 2015 ഫെബ്രുവരി ഏഴിന് കോട്ടയം ലൂര്‍ദ് പബ്ളിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ നടക്കും.

പ്രവിശ്യാ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്കാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.

എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസരചന, എന്നീ ഇനങ്ങളിലായിരിക്കും മത്സരം. പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപ ന്യാസം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേ കം മത്സരങ്ങളുണ്ടായിരിക്കും. .

പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. ലളിതഗാനത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളില്‍ ഒരു കുട്ടിക്ക് ഒരു മത്സരത്തില്‍ മാത്ര മേ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎല്‍ ആന്തത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമില്‍ ഏഴു പേരില്‍ കൂടാ നോ അഞ്ചു പേരില്‍ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീത മുപയോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്.

പ്രസംഗ വിഷയം - എല്‍പി വിഭാഗത്തിന് മാലിന്യമുക്ത കേരളം എന്നതാണ്. യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. സ്വതന്ത്ര ഇന്ത്യ യുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍. 2. വിദ്യാര്‍ഥി കളും പഠിപ്പുമുടക്കും.

ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് വിഷയം നല്‍കുക. സാഹിത്യ രചനാമത്സരങ്ങളുടെ വിഷയം മത്സരസമയത്തു നല്‍കും. മത്സരം ഒരു മണിക്കൂറായിരിക്കും.

പത്തനംതിട്ട , ആലപ്പുഴ പ്രവിശ്യാ ടാലന്റ് ഫെസ്റുകള്‍ ശനിയാഴ്ച

ദീപിക ബാലസഖ്യം പത്തനംതിട്ട, ആലപ്പുഴ പ്രവിശ്യാ ടാലന്റ് ഫെസ്റുകള്‍ ശനിയാഴ്ച നടക്കും. പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ് 20നു രാവിലെ 9.30 മുതല്‍ കാഞ്ഞിരപ്പള്ളി ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂളിലും ആലപ്പുഴ പ്രവിശ്യാ ടാലന്റ് ഫെസ്റും ചോക്ളേറ്റ് ക്വിസും 20ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളിലുമാണ് നടക്കുക.

മേഖലാ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് പ്രവിശ്യാമത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ് രജിസ്ട്രേഷനോടുകൂടി 20നു രാവിലെ ഒന്‍പതിന് ആരംഭിക്കും.

മത്സരങ്ങള്‍ക്ക് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. തോമസ്, ജോസ് മണിമല, ആന്‍സി മേരി ജോണ്‍, മാത്യൂസണ്‍ പി. തോമസ്, ഷിജോ തോണിയാങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവിശ്യാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക- ഫോണ്‍ 9447415292,, 9847259708.

ആലപ്പുഴ പ്രവിശ്യാ മത്സരങ്ങള്‍ പ്രവിശ്യാപ്രസിഡന്റ് സെന്‍ കല്ലുപുരയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ഫെസ്റ് ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണംചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന മേഖലകള്‍ക്ക് പി.ജെ. വര്‍ഗീസ് പുല്ലൂരുത്തിക്കരി മെമ്മോറിയല്‍, ഔസേപ്പ് പൈലോ പഞ്ഞിക്കാരന്‍ മെമ്മോറിയല്‍, കുഞ്ഞമ്മ പൈലോ പഞ്ഞിക്കാരന്‍ മെമ്മോറിയര്‍ ട്രോഫികള്‍ സമ്മാനിക്കും.

പരിപാടികള്‍ക്ക് പ്രവിശ്യാ കോ- ഓര്‍ഡിനേറ്റര്‍ വി.കെ. മറിയാമ്മ മേഖലാ ഓര്‍ഗനൈസര്‍ ബാബു ഡി., രാജേഷ്കുമാര്‍, ആലീസ് ഐസക്, മറ്റു ഭാരവാഹികളായ ആനിമ്മ ജോസഫ്, സുനിമോള്‍ ജെയിംസ്, സിസ്റര്‍ കാന്‍ഡിഡ, സിസ്റര്‍ ജ്യോതി തുടങ്ങിയവരും നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവിശ്യാ കോ-ഓര്‍ഡിനേറ്ററുമായി 9995484850 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഡിസിഎല്‍ ചരിത്ര സ്മരണിക

ദീപിക ബാലസഖ്യത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്മരണിക പ്രസിദ്ധീകരിക്കുന്നു. മുന്‍കാല ഡിസിഎല്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്മരണിക പുറത്തിറങ്ങുന്നത്. മുന്‍കാലങ്ങളില്‍ ഡിസിഎല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരില്‍നിന്നും അനുഭവക്കുറിപ്പുകള്‍ ക്ഷണിക്കുന്നു. പൂര്‍ണമായ മേല്‍വിലാസവും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്‍പ്പെടെ ലേഖനങ്ങള്‍ കൊച്ചേട്ടന്‍, ഡിസിഎല്‍, ദീപിക, പി.ബി. നമ്പര്‍ -7, കോളജ് റോഡ്, കോട്ടയം -1 എന്ന വിലാസത്തില്‍ ജനുവരി 15-നുമുമ്പായി അയച്ചുതരേണ്ടതാണ്. ഇതില്‍ പത്രാധിപസമിതി തെരഞ്ഞെടുക്കുന്നവ സ്മരണികയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.