മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി
മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി
Thursday, December 18, 2014 12:25 AM IST
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനും വോക്കൌട്ടിനുമിടയില്‍, സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപീകരിക്കാനുള്ള കേരള മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി. നിലവിലുള്ള തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവസംയോജിപ്പിച്ചാണു ബോര്‍ഡ്. തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിനുള്ള വ്യവസ്ഥകളാണു ബില്ലിലുള്ളതെന്നാരോപിച്ചാണു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയത്.

ബില്‍ പാസായതോടെ തീരദേശ സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ തുറമുഖങ്ങളുടെയും പ്രവര്‍ത്തനം മാരിടൈം ബോര്‍ഡിനു കീഴിലാ വും. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും പ്രാതിനിധ്യം ബോര്‍ഡില്‍ ഉറപ്പാക്കിയിട്ടുണ്ട്. ചെറുകിട തുറമുഖങ്ങളുടെ വാണിജ്യപരവും നിയമപരവുമായ ചുമതലകള്‍ മാരിടൈം ബോര്‍ഡുകളില്‍ നിക്ഷിപ്തമാണ്. പൂര്‍ണമായും സ്വയംഭരണാധികാരമുള്ളതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളെക്കാള്‍ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്യ്രം ബോര്‍ഡിനുണ്ടാകും. മാരിടൈം മേഖലകളെ നിയന്ത്രിക്കേണ്ടതും അവയുടെ പുരോഗതിയെ ഏകോപിപ്പിക്കേണ്ടതും ബോര്‍ഡിന്റെ ചുമതലയാണെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ബോര്‍ഡ് നിലവില്‍ വരുന്നതോടെ തുറമുഖ വകുപ്പിന്റെയും മാരിടൈം സൊസൈറ്റിയുടെയും മാരിടൈം വികസന കോര്‍പറേഷന്റെയും നിലവിലുള്ള ആസ്തികള്‍ ബോര്‍ഡിനു കീഴിലാകും. ബോര്‍ഡിന്റെ എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. തുറമുഖമന്ത്രി എക്സ് ഒഫീഷ്യോ വൈസ് ചെയര്‍മാനാണ്. ജലവിഭവമന്ത്രി, ഗതാഗതമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവം, ഗതാഗതം, തുറമുഖം, ധനകാര്യം, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന നാവികസേന, തീരസംരക്ഷണ സേനാ പ്രതിനിധികള്‍, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പ്രതിനിധി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സിഇഒ എന്നിവര്‍ അംഗങ്ങളായിരിക്കും. ബോര്‍ഡിന്റെ സിഇഒ മെമ്പര്‍ സെക്രട്ടറിയായിരിക്കും. ബോര്‍ഡ് രൂപീകൃതമാകുന്നതോടെ നിലവിലുള്ള തുറമുഖ വകുപ്പിലെയും മാരിടൈം സൊസൈറ്റിയിലെയും കോര്‍പറേഷനിലെയും ജീവനക്കാരും ബോര്‍ഡിനു കീഴില്‍ വരും.


580 കിലോമീറ്റര്‍ തീരപ്രദേശമുണ്െടങ്കിലും സംസ്ഥാനത്തിന് ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മാരിടൈം ബോര്‍ഡ് രൂപീകരിക്കാത്തതിനാല്‍ കഴിഞ്ഞിട്ടില്ലെന്നു ബില്ലിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്കു മറുപടിയായി മന്ത്രി കെ. ബാബു പറഞ്ഞു.

ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിട്ടില്ല. തുറമുഖങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള വ്യവസ്ഥ ഉണ്െടന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ തന്നെയാണു ബില്ലിലുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമായി വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ നിയമഭേദഗതികളെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.