കടകളിലെ ജീവനക്കാരുടെ അവകാശം: ബില്‍ പാസാക്കി
Thursday, December 18, 2014 12:24 AM IST
തിരുവനന്തപുരം: കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ഭേദഗതി ബില്‍ നിയമസഭ ഏകകണ്ഠേന പാസാക്കി.

ജീവനക്കാര്‍ നാലുമണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കാനും ഇതു ലംഘിക്കുന്ന തൊഴിലുടമയ്ക്കെതിരേ ശക്തമായ നടപടികള്‍ക്കും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിനും മെച്ചപ്പെട്ട ശുചിത്വ പരിപാലനം നല്‍കുന്നതിനും ബില്ലില്‍ നിര്‍ദേശമുണ്ട്. പെട്ടിക്കടകള്‍ മുതല്‍ ഐടി സ്ഥാപനങ്ങള്‍, വന്‍കിട ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ നിയമത്തിന്റെ പരിധിയില്‍ വരും.

ജീവനക്കാരുടെ ജോലി സമയം, വിശ്രമ സമയം, സ്ഥാപനം തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയം, അവധികള്‍, അവധി വേതനം, വീക്ക്ലി ഓഫ് തുടങ്ങിയ വ്യവസ്ഥകളില്‍ ലംഘനമുണ്ടായാല്‍ പിഴ ശിക്ഷ 250 രൂപയില്‍ നിന്നും 5,000 രൂപയാക്കി ഉയര്‍ത്തണമെന്നും നിയമലംഘനം തുടര്‍ന്നാല്‍ പിഴ 10,000 രൂപയായി ഉയര്‍ത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.


തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുമ്പോള്‍ നിയമന ഉത്തരവ് നല്‍കണം, തൊഴിലാളികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തൊഴിലുടമ കൈവശം വെക്കുന്നതു തടയണം, തൊഴിലുടമകള്‍ തൊഴിലാളികള്‍ ജോലി ചെയ്ത കാലയളവിലെ സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണം തുടങ്ങിയവയാണ് മറ്റു ഭേദഗതികള്‍. 50 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. രജിസ്ട്രേഷന്‍ എടുക്കല്‍, പുതുക്കല്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കല്‍, സര്‍ട്ടിഫിക്കറ്റില്‍ വരുത്തേണ്ട ഭേദഗതികള്‍ക്ക് അപേക്ഷ നല്‍കല്‍ എന്നീ ചുമതലകളില്‍ വീഴ്ചവരുത്തിയാല്‍ തൊഴിലുടമയ്ക്കു ലഭിക്കുന്ന പിഴ ശിക്ഷ 250 രൂപയില്‍നിന്നു 5,000 രൂപയായി ഉയരും. നിയമലംഘനം തുടര്‍ന്നാല്‍ ഈടാക്കേണ്ട പിഴ 10 രൂപയില്‍നിന്നു 100 രൂപയുമാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.