ജീവിതശൈലീരോഗം തടയാന്‍ പുതിയ ഏജന്‍സി
ജീവിതശൈലീരോഗം തടയാന്‍ പുതിയ ഏജന്‍സി
Thursday, December 18, 2014 12:21 AM IST
തിരുവനന്തപുരം: പൊതുജനാരോഗ്യ സംരക്ഷണത്തിനു പുതിയ ഏജന്‍സി രൂപീകരിക്കുമെന്നു മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു.

മഴക്കാലത്തെ പകര്‍ച്ച വ്യാധികള്‍, വര്‍ധിച്ചുവരുന്ന ജീവിത ശൈലീരോഗങ്ങള്‍ തുടങ്ങിയവയെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പുതിയ ഏജന്‍സി രൂപീകരിക്കും.

ആരോഗ്യ വകുപ്പിന്റെയും മറ്റു ഡയറക്ടറേറ്റുകളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ സഹായം നല്‍കുക, വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുക എന്നിവയാണ് ഏജന്‍സിയുടെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും മറ്റു ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളുമായ ഉന്നതസമിതി പ്രവര്‍ത്തന ചുമതല വഹിക്കും. വകുപ്പു മേധവികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയും ആരോഗ്യവുമായി ബന്ധപ്പെട്ട വകുപ്പുകളും നേതൃത്വം നല്‍കും. ദേശീയ തലത്തിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധോപദേശക സമിതി രൂപീകരിക്കുന്നതു പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

സ്കാനിംഗിന് ഏകീകൃത ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്ല: മന്ത്രി

സ്വകാര്യ സ്കാനിംഗ് സെന്ററുകളില്‍ ഏകീകൃത ഫീസ് ഏര്‍പ്പെടുത്താന്‍ ചട്ടമില്ലെന്നു മന്ത്രി വി.എസ്. ശിവകുമാര്‍.സ്വകാര്യ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവയുടെ നിയന്ത്രണം, രജിസട്രേഷന്‍ ഫീസ് ഏകീകരണം തുടങ്ങിയവ ഉള്‍പ്പെടുന്ന കേരള ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് ബില്‍ നിയമസഭയുടെ 23-ാം നമ്പര്‍ ബില്ലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു നിയമമാകുമ്പോള്‍ ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കാനാകും. തൈറോയ്ഡ് രോഗം നിയന്ത്രണാതീതമായി കൂടുന്നതു ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു.

932 മയക്കുമരുന്നു കേസുകള്‍

കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനിടെ 932 കേസുകള്‍ എക്സൈസ് വകുപ്പ് രജിസ്റര്‍ ചെയ്തെന്നു മന്ത്രി കെ. ബാബുവും അറിയിച്ചു. ഐടി നിയമപ്രകാരം 618 കേസുകള്‍ രജിസ്റര്‍ ചെയ്തു.

കാലവര്‍ഷക്കെടുതിയില്‍ ഗതാഗതയോഗ്യമല്ലാതായിത്തീരുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും അടിയന്തര പുനരുദ്ധാരണത്തിനായി ഭരണാനുമതി നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പൂര്‍ത്തീകരിച്ച ജോലികള്‍ക്കു 71.68 കോടി രൂപ കുടിശികയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 8.96 കോടിയായിരുന്നു കുടിശിക.

ഈ വര്‍ഷം സെപ്റ്റംബര്‍ 30വരെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു വൈദ്യുതി ചാര്‍ജിനത്തില്‍ 957.41 കോടിയും സ്വകാര്യ മേഖലയില്‍നിന്ന് 612.69 കോടിയും കുടിശിക പിരിഞ്ഞു കിട്ടാനുണ്െടന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

75,464 വന്‍കിട ഉപഭോക്താക്കളില്‍നിന്നായി 493.24 കോടി പിരിഞ്ഞു കിട്ടാനുണ്ട്. ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ളബ് സായിക്കു കൈമാറുമ്പോള്‍ വാട്ടര്‍ ചാര്‍ജിനത്തില്‍ 2.18 കോടി പിരിഞ്ഞുകിട്ടാനുണ്െടന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി സ്റേ നിലനില്‍ക്കുന്നതിനാല്‍ കേസ് തീര്‍ന്നതിനു ശേഷമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നും മന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു.

ക്രിമിനല്‍ കേസുകളില്‍ 706 പോലീസുകാര്‍

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 706 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഇതില്‍ 685 പേര്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിനു നടപടി സ്വീകരിച്ചു. 396 പേരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ 136 പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രിമിനല്‍ കുറ്റത്തിനു കേസെടുത്ത ഉദ്യോഗസ്ഥരില്‍ ഒരു ഡിഐജിയും അഞ്ചു ഡിവൈഎസ്പിമാരും മൂന്നു സിഐമാരും ഉള്‍പ്പെടും. 63 എസ്ഐമാരും 74 എഎസ്ഐമാരും 115 എസ്സിപിഒമാരും 424 സിപിഒമാരും ഉള്‍പ്പെടും. പോലീസുകാരുള്‍പ്പെടെ 1,225 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണു ക്രിമിനല്‍ കേസുകളില്‍പ്പെട്ടത്. ഇക്കാലയളവില്‍ പോലീസ് മര്‍ദനം സംബന്ധിച്ച് 565 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ മൊബൈല്‍ ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1,140 കേസുകളും ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളും ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ ചേര്‍ത്ത സംഭവങ്ങളില്‍ 362 കേസുകളും രജിസ്റര്‍ ചെയ്തു.


സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ടു രജിസ്റര്‍ ചെയ്ത അതീവ ഗൌരവമുളള 32 കേസുകളില്‍ 10 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 18,157 സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റര്‍ ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ ഒരു കൊലപാതകവും 146 ആത്മഹത്യയും ഉണ്ടായി. തിരുവനന്തപുരം റൂറലിലാണ് ഏറ്റവുമധികം ആത്മഹത്യ- 54 എണ്ണം. സ്ത്രീധന പീഡനക്കേസുകള്‍ ഏറ്റവുമധികം മലപ്പുറത്താണ് 2,269 എണ്ണം.

സ്വകാര്യ നീര ഉത്പാദന പ്ളാന്റുകള്‍ക്ക് അനുമതി നല്‍കും

സ്വകാര്യ പ്ളാന്റുകള്‍ക്കു നീര ഉത്പാദിപ്പിക്കാന്‍ നീര ബോര്‍ഡ് അനുമതി നല്‍കുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ നിയമസഭയില്‍ പറഞ്ഞു. നീര യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള 15 കോടി രൂപ വകമാറ്റിയെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ ചെയര്‍മാനായ നീരബോര്‍ഡാണ് അനുമതി നല്‍കുന്നത്. 20,00 ലിറ്റര്‍ നീര കൂടി പ്രതിദിനം ഉത്പാദിപ്പിക്കാന്‍ രണ്ടിടത്തു കൂടി പ്ളാന്റുകള്‍ സ്ഥാപിക്കും.

കോഴിക്കോട് ഏലത്തൂരില്‍ 10,000 ലിറ്റര്‍ പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ളാന്റ് ഫെബ്രുവരിയിലും ഇത്രയും ലിറ്റര്‍ ഉത്പാദന ശേഷിയുള്ള പ്ളാന്റ് കണ്ണൂര്‍ ആറളത്ത് ഏപ്രിലിലും പ്രവര്‍ത്തനം തുടങ്ങും. നീര യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച 15 കോടി രൂപ ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍ വകമാറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്തു പ്ളാനിംഗ് ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തുടങ്ങുമെന്നു പി.കെ. ഗുരുദാസനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

ജയിലില്‍ കഴിയുന്ന 41 ആദിവാസി തടവുകാരില്‍ കേസ് നടത്താന്‍ കഴിവില്ലെന്നു കണ്െടത്തുന്നവര്‍ക്കു സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്നു പി. ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ നിയമസഹായ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്െടന്നും എല്ലാ ആഴ്ചകളിലും ജയിലുകളിലെത്തി ആവശ്യമായ നിയമസഹായം നല്‍കുന്നുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.

അറബിക് സര്‍വകലാശാല വിദഗ്ധ പഠന ശേഷം

വിദഗ്ധ പഠനത്തിനു ശേഷം സംസ്ഥാനത്തു രാജ്യാന്തര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്. പി.ബി. അബ്ദുള്‍ റസാക്കിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിലെ വിവിധ അറബിക് കോളജുകളുടെയും രാജ്യത്തെ മറ്റ് അറബിക് സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം പഠിച്ച ശേഷം നടപടിയെടുക്കും.

സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ 2008ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സമയബന്ധിതമായി നടപ്പാക്കാന്‍ നയപരമായ തീരുമാനം വേണം.

തൊഴില്‍ തേടി ഗള്‍ഫ് നാടുകളിലേക്കു പോകുന്ന ആയിരക്കണത്തിനു മലയാളികള്‍ക്ക് അറബി ഭാഷയില്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ അറബി സര്‍വകലാശാല സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നു മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. കെ.വി. വിജയദാസിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ജനപ്രതിനിധികളടങ്ങിയ ഒന്‍പതംഗ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നു ആദിവാസി ഊരുകളിലെ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.