കേരളത്തില്‍ സിമന്റിന് 35 രൂപ കൂട്ടി
കേരളത്തില്‍ സിമന്റിന് 35 രൂപ കൂട്ടി
Thursday, December 18, 2014 12:19 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: സിമന്റിന് ഒറ്റയടിക്കു ചാക്കിനു 35 രൂപവരെ കൂട്ടിയതോടെ സംസ്ഥാനത്തു നിര്‍മാണമേഖല സ്തംഭനത്തിലേക്കു നീങ്ങുന്നു. കഴിഞ്ഞ ദിവസമാണു യാതൊരു മുന്നറിയിപ്പുമില്ലാതെ മൊത്തവില്പനക്കാര്‍ സിമന്റ് വില വര്‍ധിപ്പിച്ചത്.

സാധാരണ അഞ്ചുരൂപ മുതല്‍ പത്തു വരെ രൂപ മാത്രമേ സിമന്റിന്റെ വില കൂട്ടാറുള്ളൂ. മൊത്തവിലയില്‍ വര്‍ധന വന്നതോടെ ചില്ലറ ആവശ്യക്കാര്‍ക്കു ചാക്കിനു 400-410 രൂപവരെ നല്കേണ്ടിവരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കമ്പനിയായ മലബാര്‍ സിമന്റും സ്വകാര്യകമ്പനിക്കാരുടേതുപോലെ കൂടിയ വിലതന്നെയാണു വാങ്ങുന്നത്.

സിമന്റിനു കൃത്രിമക്ഷാമം ഉണ്ടാക്കിയാണു സ്വകാര്യ കമ്പനികള്‍ വില വന്‍തോതില്‍ കൂട്ടിയത്. സ്വകാര്യ കമ്പനികള്‍ക്കു സര്‍ക്കാരും കൂട്ടുനിന്നതോടെ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമായി.

സിമന്റ് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ല. അസംസ്കൃത വസ്തുക്കള്‍ കിട്ടാനില്ലെന്നു പറഞ്ഞു സിമന്റിന്റെ ഉത്പാദനം മനപ്പൂര്‍വം കുറച്ചാണു വില വര്‍ധിപ്പിച്ചത്. ഉത്പാദനക്കുറവിന്റെ പേരില്‍ വ്യാപാരികള്‍ക്കു സിമന്റ് നല്കിയിരുന്നില്ല. മാര്‍ക്കറ്റില്‍ ക്ഷാമം രൂക്ഷമായതോടെ ഒറ്റയടിക്കു വില വര്‍ധിപ്പിച്ചശേഷം കമ്പനികള്‍ സിമന്റ് എത്തിച്ചുതുടങ്ങി.


ഇതേസമയം, അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും സിമന്റിനു കേരളത്തിലേതില്‍നിന്നു 100 മുതല്‍ 150 രൂപവരെ കുറവാണ്. 250 രൂപയ്ക്കാണ് അവിടെ ഒരു ചാക്ക് സിമന്റ് വില്‍ക്കുന്നത്.

സിമന്റ് വില വന്‍തോതില്‍ കൂട്ടിയതോടെ കരാറെടുത്തു വീടുകളും ഫ്ളാറ്റുകളും മറ്റു സമുച്ചയങ്ങളും പണിയുന്നവര്‍ വെട്ടിലായിരിക്കയാണ്.

മണലും കല്ലുമൊക്കെ കിട്ടാന്‍ പെടാപ്പാടുപെടുമ്പോഴാണു സിമന്റിന്റെ വിലകൂടി കൂട്ടി നിര്‍മാണമേഖലയുടെ നടുവൊടിച്ചിരിക്കുന്നത്. വീടു പണിയുന്നതിന്റെ ആവശ്യത്തിനു മണ്ണെടുക്കാന്‍പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണിപ്പോള്‍.

ക്വാറികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കല്ലിന്റെ വിലയും ഇരട്ടിയാക്കി. നിര്‍മാണമേഖല സ്തംഭിക്കുന്നതോടെ ആയിരക്കണക്കിനു തൊഴിലാളികളും പ്രതിസന്ധിയിലാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.