സ്വച്ഛ് ഭാരത് അഭിയാന്‍ യുപിഎ സര്‍ക്കാരിന്റെ നിര്‍മല്‍ ഭാരത് അഭിയാന്‍ തന്നെ: മന്‍മോഹന്‍
സ്വച്ഛ് ഭാരത് അഭിയാന്‍ യുപിഎ സര്‍ക്കാരിന്റെ നിര്‍മല്‍ ഭാരത് അഭിയാന്‍ തന്നെ:  മന്‍മോഹന്‍
Saturday, November 29, 2014 11:53 PM IST
കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍മല്‍ ഭാരത് അഭിയാന്‍ തന്നെയെന്നു മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പദ്ധതി പേരു മാറ്റി പുത്തന്‍ പായ്ക്കില്‍ അവതരിപ്പിക്കുകയാണു ചെയ്തിരിക്കുന്നതെന്നും കുമ്പളങ്ങിയുടെ സമഗ്ര വികസനത്തിനായുള്ള അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

ഹരിതഗ്രാമം, ശുചിത്വഗ്രാമം, ലഹരിവിമുക്തഗ്രാമം, ജീവിതശൈലീ രോഗവിമുക്ത ഗ്രാമം, വിദ്യാപോഷണം പോഷകസമൃദ്ധം എന്നീ പദ്ധതികള്‍ക്കാണു കുമ്പളങ്ങിയില്‍ തുടക്കം കുറിച്ചത്. ഇതില്‍ ശുചിത്വഗ്രാമം, ലഹരിവിമുക്ത ഗ്രാമം പദ്ധതികളെ പരാമര്‍ശിക്കവേയാണു മന്‍മോഹന്‍ സിംഗ് മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനെ വിമര്‍ശിച്ചത്. കുമ്പളങ്ങിയില്‍ നടപ്പാക്കുന്ന ഈ രണ്ടു പദ്ധതികളും രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിര്‍മല്‍ ഭാരത് അഭിയാന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവയാണെന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍, കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാര്‍ സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന് തങ്ങളുടെ പഴയ പദ്ധതിയുടെ പേരു മാറ്റി ഉയര്‍ത്തിക്കാട്ടുകയാണ്. പേര് എന്തായാലെന്താ, പനിനീര്‍പൂവ് പനിനീര്‍പൂവ് തന്നെയെന്നു പറഞ്ഞ അദ്ദേഹം കൂടുതല്‍ വിമര്‍ശനങ്ങളുമായി മുന്നോട്ടു പോയില്ല. കുമ്പളങ്ങിയില്‍ വിവിധ പദ്ധതി നടപ്പിലാക്കുന്നതിനു തന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ കെ.വി. തോമസ് എംപി അടക്കമുള്ളവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.