ഡോ.സി.കെ.ചന്ദ്രശേഖരന്‍നായര്‍ അന്തരിച്ചു
ഡോ.സി.കെ.ചന്ദ്രശേഖരന്‍നായര്‍ അന്തരിച്ചു
Saturday, November 29, 2014 12:23 AM IST
ചേര്‍ത്തല: പ്രമുഖ സാഹിത്യകാരനും ഭാഷാപണ്ഡിതനും അദ്ധ്യാത്മിക പ്രഭാഷകനുമായ ഡോ.സി.കെ.ചന്ദ്രശേഖരന്‍ നായര്‍ (82) അന്തരിച്ചു. ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലായിരുന്നു അന്ത്യം. കഥ, നോവല്‍, ബാലസാഹിത്യം, ഭാഷാസാഹിത്യം, അദ്ധ്യാത്മികം എന്നീ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇടുക്കി നവോദയ സ്കൂളിന്റെ സ്ഥാപക പ്രിന്‍സിപ്പലാണ്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളില്‍ 29 വര്‍ഷം മലയാളം അധ്യാപകനായിരുന്നു. 1992-ലാണ് വിരമിച്ചത്. 1951-ല്‍ വൈക്കം ഗവ. ഹൈസ്കൂളില്‍ നിന്ന് ഇഎസ്എല്‍സി പാസായതോടെ അധ്യാപനത്തിലേക്ക് തിരിഞ്ഞു. തൈക്കാട്ടുശ്ശേരി ഗവ. മിഡില്‍ സ്കൂളില്‍ ഹിന്ദി അധ്യാപകനായിട്ടായിരുന്നു തുടക്കം. നാലരപ്പതിറ്റാണ്ട് അധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു. പ്രൈവറ്റായി പഠിച്ച് ഹിന്ദി, മലയാളം, ഇംഗ്ളീഷ് ഭാഷകളില്‍ ബിരുദാനന്തരബിരുദം നേടി. 1981-ല്‍ കേരളസര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. വൈക്കം കായല്‍, ആലവട്ടം, വാനപ്രസ്ഥം, വെളുത്തവാവ് (നോവല്‍), ചീനവല, പിച്ചിമൊട്ടുകള്‍ (ചെറുകഥാസമാഹാരം), കര്‍ണഭൂഷണത്തിന്റെ മാറ്റ്, ഉള്ളൂരിന്റെ കവിത്വം, മുണ്ടശ്ശേരിയുടെ നിരൂപണം, എഴുത്തച്ഛന് മുമ്പും പിമ്പും (ഭാഷാസാഹിത്യം), അമരംഭാഷ, ഗദ്യരചന, അടിസ്ഥാനവ്യാകരണം, മലയാളബോധനം (വ്യാകരണം), മഹാഭാരതപരിക്രമം, ഹിന്ദുവിന്റെ ജീവിതധര്‍മം, ഭാഗവതസമീക്ഷ, ഹിന്ദുമതത്തിന്റെ രാജമാര്‍ഗം, കുരുക്ഷേത്രയുദ്ധകഥകള്‍ എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ചിലതാണ്. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: രാധാമണി. മക്കള്‍: പി.സി. രമാദേവി (മനേജര്‍, എസ്.ബി.ടി. സോണല്‍ ഓഫീസ്, തിരവനന്തപുരം), ഡോ. പി.സി. രതീഷ് (ഹൈദരാബാദ്), പി.സി. രശ്മി (അസി. ജിയോളജിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്, കണ്ണൂര്‍). മരുമക്കള്‍: ഡോ. ബി. രാധാകൃഷ്ണന്‍ (റിട്ട. സിവില്‍ സര്‍ജന്‍, തൃപ്പൂണിത്തുറ), പ്രമീള രതീഷ്, ശിശിധരന്‍ മങ്കത്തില്‍ (മാതൃഭൂമി,കോഴിക്കോട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.