വ്യാപാരികളുടെ കടയടപ്പു സമരം അടുത്ത മാസം മൂന്നിന്
Saturday, November 29, 2014 12:21 AM IST
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. അന്യായമായി കടകള്‍ പരിശോധിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വ്യാപാരികളെ അറസ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രനും ജനറല്‍ സെക്രട്ടറി വൈ. വിജയനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇല്ലാതിരുന്ന കടപരിശോധന പുനരാരംഭിച്ചത്. വാറ്റ് നിയമത്തില്‍ കടപരിശോധന ഇല്ലെന്നിരിക്കെയാണ് ഉദ്യോഗസ്ഥര്‍ വ്യാപാരികളെ മനപൂര്‍വം ദ്രോഹിക്കുന്നത്.

അളവുതൂക്ക ഉപകരണങ്ങള്‍ സീല്‍ ചെയ്യുന്നതിന് ഒരുദിവസം കാലതാമസം നേരിട്ടാല്‍ 2000 രൂപ പിഴ ഈടാക്കുന്നു. തൊഴിലാളികള്‍ ഇല്ലാത്ത കടകള്‍ക്കു പോലും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍ വൈകിയാല്‍ വലിയ തുക പിഴ ചുമത്താന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് കടയടപ്പു സമരം നടക്കുന്ന ദിവസം നടക്കുന്ന ഡിസംബര്‍ മൂന്നിന് വ്യാപാരികള്‍ സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റിനു മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തും.


സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 20ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച തൊഴില്‍ സംരക്ഷണ ജാഥ ഡിസംബര്‍ രണ്ടിന് തലസ്ഥാനത്തെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷറര്‍ കമലാലയം സുകു, ഭാരവാഹികളായ ധനീഷ് ചന്ദ്രന്‍, കല്ലയം ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.