ഇന്ദുലേഖയ്ക്കു പ്രായം 125
ഇന്ദുലേഖയ്ക്കു പ്രായം 125
Saturday, November 29, 2014 12:17 AM IST
കണ്ണൂര്‍: മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതപ്പെട്ടിട്ടു 125 വര്‍ഷം തികയുന്നു. ഒ. ചന്തുമേനോന്‍ എന്ന തലശേരിക്കാരന്റെ തൂലികയിലൂടെ പിറന്നുവീണ ഇന്ദുലേഖയ്ക്ക് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും മലയാളസാഹിത്യത്തില്‍ ഇന്നും നവയൌവനമാണ്.

1890 ജനുവരിയിലാണ് ഇന്ദുലേഖയുടെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. നോവല്‍ എന്ന സാഹിത്യശാഖയ്ക്കു മലയാളത്തില്‍ മാതൃകകളൊന്നുമില്ലാതിരുന്ന കാലം. സംസാരഭാഷയില്‍ ചന്തുമേനോന്‍ നോവല്‍ എഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ സാഹിത്യലോകമത് ഇരുകൈകളും നീട്ടി സ്വീകരിച്ചു. ജനുവരിയിലിറക്കിയ ആദ്യപതിപ്പ് മാര്‍ച്ചോടെ പൂര്‍ണമായും വിറ്റഴിഞ്ഞു. മലയാളനോവല്‍ യുഗം അതോടെ തുടങ്ങുകയായിരുന്നു.

ഇന്ദുലേഖയ്ക്കുശേഷം ശാരദ എന്ന പേരില്‍ രണ്ടാമത്തെ നോവല്‍ എഴുതാനാരംഭിച്ചെങ്കിലും ചന്തുമേനോന് അതു പൂര്‍ത്തീകരിക്കാനായില്ല. 1899ല്‍ 52-ാം വയസില്‍ അദ്ദേഹം ജീവിതത്തില്‍നിന്നു വിടവാങ്ങി. പിന്നീട് മറ്റു ചിലര്‍ ചേര്‍ന്നു പൂര്‍ത്തിയാക്കിയ ശാരദയും മലയാള നോവല്‍ സാഹിത്യത്തിന്റെ തിളങ്ങുന്ന ഭാഗമായി. സാഹിത്യഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും കൌതുകമൊടുങ്ങാത്ത അമൂല്യരചനകളായി ഈ രണ്ടു കൃതികളും നിലകൊള്ളുന്നു.

ഇന്ദുലേഖയും മുറച്ചെറുക്കനായ മാധവനും സൂരിനമ്പൂതിരിപ്പാടുമാണ് ഇന്ദുലേഖ നോവലിലെ മുഖ്യ കഥാപാത്രങ്ങള്‍. മാധവന്റെ പ്രണയം അവഗണിച്ചു ദരിദ്രരായ മാതാപിതാക്കള്‍ ഇന്ദുലേഖയെ വയോധികനും ധനാഢ്യനുമായ സൂരിനമ്പൂതിരിപ്പാടിനു വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ഇന്ദുലേഖയുടെ തന്ത്രപരമായ നീക്കങ്ങള്‍ മൂലം സൂരിനമ്പൂതിരിപ്പാടിന് ഇന്ദുലേഖയെ വിവാഹം ചെയ്യാന്‍ സാധിക്കുന്നില്ല. പകരം തോഴിയെ വിവാഹം കഴിക്കുന്നു.


ഒടുവില്‍ ഇന്ദുലേഖയും മാധവനും വിവാഹിതരാകുന്നതോടെ നോവല്‍ ശുഭപര്യവസായിയായി അവസാനിക്കുന്നു. സ്ത്രീകള്‍ക്കു സ്വാതന്ത്യ്രം തീരെയില്ലാതിരുന്ന കാലത്ത് സ്വന്തം അഭിപ്രായം വെട്ടിത്തുറന്നുപറയുന്ന ഇന്ദുലേഖയെ അവതരിപ്പിച്ച ചന്തുമേനോന്‍ സമൂഹത്തിനു വലിയ സന്ദേശം കൂടിയാണു നല്കിയത്.

1847 ജനുവരി ഒന്‍പതിന് തലശേരി ഒയ്യാരത്തായിരുന്നു ചന്തുമേനോന്റെ ജനനം. മദ്രാസ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന എടപ്പാടി ചന്തുനായരുടെയും ചിറ്റാഴിയത്ത് പാര്‍വതിഅമ്മയുടെയും മകന്‍. സംസ്കൃതവും ഇംഗ്ളീഷും ചെറുപ്പത്തിലേ പഠിക്കാന്‍ അവസരം ലഭിച്ചു. സ്കൂള്‍ വിദ്യാഭ്യാസം തലശേരി ബിഇഎംപി സ്കൂളിലായിരുന്നു.

1864ല്‍ അമ്മയുടെ മരണത്തോടെ പഠനം മുടങ്ങിയെങ്കിലും ബ്രിട്ടീഷുകാരുടെ സിവില്‍ സര്‍വീസ് പരീക്ഷ ഉയര്‍ന്ന റാങ്കോടെ പാസായി. തുടര്‍ന്നു മദ്രാസ് റസിഡന്‍സിയിലെ ജസ്റീസ് ടി.ഇ. ഷാര്‍പെയുടെ ജൂണിയര്‍ ക്ളര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ചു. അധികം വൈകാതെ തന്നെ സബ് ജഡ്ജി പദവിയിലെത്തി. മലബാര്‍ ഡിസ്ട്രിക് മാന്വല്‍ രചിക്കുന്നതിനു ലോഗന്റെ സഹായിയായി. ജോലിയിലെ കാര്യപ്രാപ്തി പരിഗണിച്ചു മദ്രാസ് സര്‍വകലാശാല റാവൂ ബഹാദുര്‍ പദവി നല്‍കി.

മലയാള പദ്യസാഹിത്യത്തില്‍ മഹാകവികള്‍ക്കുള്ള മഹനീയ സ്ഥാനത്തിനു തുല്യമാണു ഗദ്യസാഹിത്യത്തില്‍ ചന്തുമേനോനു കല്‍പ്പിക്കുന്നത്. ചന്തുമേനോന്റെ സ്മരണയ്ക്കു തലശേരിയില്‍ ഒരു സാംസ്കാരികകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം നാളെ വിപുലമായ പരിപാടികളോടെ തലശേരി ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.