ഒരു കിലോ കോഴിക്ക് 95 രൂപ വില നിശ്ചയിക്കണമെന്ന് പൌള്‍ട്രി ഫാമേഴ്സ് അസോ.
Saturday, November 29, 2014 12:15 AM IST
കോട്ടയം: പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒരു കിലോ കോഴിക്ക് 95 രൂപ തറവില നിശ്ചയിച്ചു കോഴികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു കേരള പൌള്‍ട്രി ഫാമേഴ്സ് അസോസിയേഷന്‍. രോഗം തടയാനും കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാതെയുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കോഴിപാചകം ചെയ്തു കഴിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കോഴി വില്പന തടഞ്ഞതോടെ മൂന്നുലക്ഷത്തോളം വരുന്ന കര്‍ഷകര്‍ ദുരിതത്തിലാണ്.

പനി ബാധിക്കാത്ത വില്പനയ്ക്ക് യോഗ്യമായ കോഴികള്‍ വിവിധ ജില്ലകളിലെ ഫാമുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവയുടെ തൂക്കം കൂടിയാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതാകും. കച്ചവടമില്ലാത്തതിനാല്‍ കോഴിതീറ്റയടക്കം കര്‍ഷക കുടുംബങ്ങളുടെ ചെലവും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. പക്ഷിപ്പനി സാധ്യത ഉണ്െടന്നുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ആറുമാസം മുമ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പക്ഷിപ്പനിയുടെ പേരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ചെറുകിട കര്‍ഷകരെ തകര്‍ക്കാനുള്ള ഗൂഡാലോചന നടന്നെന്നും അസോസിയേഷന്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബൈജു കടവന്‍, സെക്രട്ടറി ഖാദറലി വറ്റല്ലൂര്‍, ട്രഷറര്‍ സെയ്ത് മണലായ, കെ.കെ. രമണന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.