കടപ്ളാമറ്റത്ത് പാറ ഖനനത്തിന് കേന്ദ്രാനുമതി വേണമെന്നു ഹരിതട്രൈബ്യൂണല്‍
Saturday, November 29, 2014 12:08 AM IST
കടപ്ളാമറ്റം: ഗ്രാമപഞ്ചായത്തില്‍ പാറഖനനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മൂന്‍കൂര്‍ അനുമതി വേണമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. പഞ്ചായത്തില്‍ ഏതെങ്കിലും പാറമട പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്െടങ്കില്‍ നടപടിയെടുക്കണമെന്നും ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണമേഖല ജുഡീഷല്‍ അംഗം ജസ്റീസ് എം. ചൊക്കലിംഗം ഉത്തരവില്‍ വ്യക്തമാക്കുന്നു.

പഞ്ചായത്തിലെ പുത്തനങ്ങാടി ഭാഗത്ത് 2012 ഏപ്രിലില്‍ പാറമട ഇടിഞ്ഞുവീണു മൂന്നു തൊഴിലാളികള്‍ മരിച്ച സംഭവത്തിനുശേഷം ബാംഗളൂരിലെ മൈന്‍ സേഫ്റ്റി ഡയറക്ടറേറ്റ് എല്ലാ പാറമടകള്‍ക്കും സ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. രണ്ടു വര്‍ഷമായി പഞ്ചായത്തിലെ മടകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ പാറമടകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ചു കടപ്ളാമറ്റം മുണ്ടുവാങ്കല്‍ എം.ടി. മാണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ തുടര്‍ നടപടിയായാണ് ഇപ്പോഴത്തെ നിര്‍ദേശം.


ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേസ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. നിയമവിരുദ്ധമായ ഖനനം നടന്നാല്‍ മൈനിംഗ് സേഫ്റ്റി ഡയറക്ടറേറ്റ്, ജില്ലാ കലക്ടര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ബാംഗളൂരിലെ മൈന്‍ സേഫ്റ്റി ഡയറക്ടറേറ്റ് കടപ്ളാമറ്റം പഞ്ചായത്തിലെ പാറമടകളില്‍ പരിശോധന നടത്തി സ്റോപ്പ് മെമ്മോ നല്‍കിയ കാര്യവും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ഹരീഷ് വാസുദേവ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.