കൊല്ലം ഈസ്റ് സ്റേഷനിലെ കസ്റഡി മരണം: രണ്ടു പോലീസുകാര്‍ക്കു ജീവപര്യന്തം തടവും പിഴയും
Saturday, November 29, 2014 12:05 AM IST
കൊല്ലം: മൊബൈല്‍ഫോണ്‍ മോഷ്ടാവെന്ന് സംശയിച്ച് കസ്റഡിയിലെടുത്ത യുവാവ് പോലീസ് മര്‍ദനമേറ്റു മരിച്ച കേസിലെ പ്രതികളായ പോലീസുകാര്‍ക്കു ജീവപര്യന്തവും രണ്ടു വര്‍ഷത്തെ കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കൂടാതെ മര്‍ദനമേറ്റ് മരിച്ച യുവാവിന്റെ മാതാവിന് ഓരോ ലക്ഷം രൂപയും പ്രതികള്‍ നല്‍കണം.

ഇതിന് വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷത്തെ കഠിന തടവ് കൂടി അനുഭവിക്കണം. കൂടാതെ പതിനായിരം രൂപ പിഴയും അടയ്ക്കണം. ഇതിനു വീഴ്ച വരുത്തിയാല്‍ ആറു മാസത്തെ കഠിന തടവുകൂടി അനുഭവിക്കണം. സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ മരണമടഞ്ഞ യുവാവിന്റെ മാതാവിന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഈ തുക പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനു വീഴ്ച വരുത്തിയാല്‍ തുകയുടെ 8.75 ശതമാനം വാര്‍ഷിക പലിശ പ്രതികള്‍ നല്‍കുകയും വേണം.

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാകുളം രാജ്നിവാസില്‍ രാജേന്ദ്രന്‍(37) മര്‍ദനമേറ്റു മരിച്ച കേസിലാണു കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ.് ശരത്ചന്ദ്രന്‍ ശിക്ഷ വിധിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്തില്‍ പുത്തന്‍വീട്ടില്‍ എസ്. ജയകുമാര്‍(47), ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ എം. വേണുഗോപാല്‍ (48) എന്നിവരെയാണ് ശിക്ഷിച്ചത്. സംഭവം നടക്കുമ്പോള്‍ ഇരുവരും ഈസ്റ് സ്റേഷനിലെ ക്രൈംസ്ക്വാഡ് അംഗങ്ങളായിരുന്നു.

കൊലപാതകം, തെറ്റായ കുറ്റസമ്മതം നടത്താന്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്െടത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു 301 വകുപ്പ് പ്രകാരം ജീവപര്യന്തവും 348 വകുപ്പ് പ്രകാരം രണ്ടു വര്‍ഷത്തെ കഠിനതടവിനും ഇന്നലെ കോടതി ശിക്ഷ വിധിച്ചത്.

2005 ഏപ്രില്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതു രാജേന്ദ്രനാണെന്ന് സംശയിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവച്ച് ഈസ്റ് പോലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ക്രൈം സ്ക്വാഡ് അംഗങ്ങളായ ജയകുമാറിനേയും വേണുഗോപാലിനേയും ഏല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ രാജേന്ദ്രനെ ഈസ്റ് സ്റേഷന്‍ വളപ്പിലെ പോലീസ് മ്യൂസിയത്തില്‍ കൊണ്ടുപോയി മൂന്നാംമുറ പ്രയോഗിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്.


മര്‍ദനത്തെതുടര്‍ന്ന് അവശനായ രാജേന്ദ്രനെ വൈകുന്നേരം 6.45ഓടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പേ മരണപ്പെടുകയായിരുന്നു. 2014 ഓഗസ്റ് 14ന് ആണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിലെ 60 സാക്ഷികളില്‍ 37 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കേസിലെ സാക്ഷികളില്‍ 23 പേര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. റവന്യൂ ഡിവിഷണല്‍ ഓഫീസിലെ സൂപ്രണ്ടിനെ അധികസാക്ഷിയായി വിസ്തരിച്ചിരുന്നു.

38 സാക്ഷികളില്‍ അഞ്ചുപേര്‍ കൂറുമാറുകയും ചെയ്തു. കൂറുമാറിയവരില്‍ രണ്ട് പേര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്തവരും മൂന്നുപേര്‍ സര്‍വീസിലുള്ളവരുമാണ്. സ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്‍ഡ്രൂസ്, പോലീസ് ക്ളബിന്റെ ചുമതലയുണ്ടായിരുന്ന യോഗീന്ദ്രന്‍ എന്നിവരുടേയും സ്റേഷനിലെ ജനറല്‍ ഡയറിയുമാണ് നിര്‍ണായക തെളിവായത്.

മരണകാരണമായ ഒന്നുമുതല്‍ മൂന്നുവരെയുള്ള മുറിവും ഏഴാമത്തെ മുറിവും ശരീരത്തിലെ മറ്റു മുറിവുകളും പ്രതികളുടെ കസ്റഡിയില്‍ വച്ചുതന്നെ ഉണ്ടായതാണെന്നു കോടതിക്കു ബോധ്യപ്പെട്ടു. സംഭവദിവസം ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ 2.30 വരെയും 3.30 മുതല്‍ രാത്രി 7.30വരെയും ഈസ്റ് സ്റേഷനിലെ മറ്റൊരു പോലീസുകാരനും രാജേന്ദ്രനെ മര്‍ദിച്ചതായി പ്രതിഭാഗം വാദം ഉയര്‍ത്താതിരുന്നതും യഥാര്‍ഥ പ്രതികള്‍ക്കു ശിക്ഷ ലഭിക്കാന്‍ സഹായകമായി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ ഗവ.പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ കൊട്ടിയം എന്‍. അജിത്കുമാറിനെ സത്യം കണ്െടത്തുന്നതിനു സഹായിച്ചതില്‍ കോടതി പ്രത്യേകം അഭിനന്ദിച്ചു. അഭിഭാഷകരായ ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്‍, പി.ശരണ്യ എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.