അവസരമില്ലാത്തതല്ല, നൈപുണ്യമില്ലാത്തതാണു പ്രശ്നം: ഡോ. മന്‍മോഹന്‍ സിംഗ്
അവസരമില്ലാത്തതല്ല, നൈപുണ്യമില്ലാത്തതാണു പ്രശ്നം: ഡോ. മന്‍മോഹന്‍ സിംഗ്
Saturday, November 29, 2014 12:03 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: രാജ്യത്തു വേണ്ടത്ര നൈപുണ്യമുള്ള മാനവവിഭവശേഷി വളര്‍ത്തിയെടുക്കാനാവുന്നില്ലെന്നതാണു നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അപര്യാപ്തതയെന്നു മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന നാലു ലക്ഷം സാങ്കേതിക ബിരുദധാരികളും മറ്റു ബിരുദങ്ങള്‍ നേടുന്ന 25 ലക്ഷം പേരും പണി കിട്ടാതെ അലയുമ്പോഴാണു നൈപുണ്യമുള്ളവരെ കിട്ടാതെ രാജ്യം വിഷമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ വിദ്യാഭ്യാസവും സാമൂഹിക മാറ്റവും എന്ന വിഷയത്തില്‍ പ്രഥമ പ്രഭാഷണം നടത്തുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതല്ല രാജ്യത്തെ പ്രശ്നം. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് ആവശ്യമായ നൈപുണ്യം ഇല്ലാത്തതിനാലാണു തൊഴില്‍ കിട്ടാത്തതെന്നു നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്കോം) നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യവിഭവശേഷിയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള പൊരുത്തക്കേടാണു നമ്മുടെ വിദ്യാഭ്യാസരംഗത്തെ നിരാശപ്പെടുത്തുന്ന ഘടകം.

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം അപ്പാടെ ഉടച്ചുവാര്‍ക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുകയും കൂടുതല്‍ ആധുനികവത്കരിക്കുകയും വേണം. ഇതു മുന്‍നിര്‍ത്തിയാണു രാജ്യത്തു ദേശീയ വിജ്ഞാന കമ്മീഷന്‍ (എന്‍കെസി) രൂപീകരിച്ചത്. കൂടുതല്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിരവധി നടപടി കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ നിലവില്‍ വന്നതും കോളജുകള്‍ക്കു സ്വയംഭരണം ഏര്‍പ്പെടുത്തിയതും വിദ്യാഭ്യാസ മേഖലയില്‍ മാറ്റം സൃഷ്ടിക്കുന്ന നടപടികളാണ്. എന്നാല്‍, ഇനിയും ഏറെ ചെയ്യാനുണ്ട്.

സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്കൊപ്പം ഉന്നത വിദ്യാഭ്യാസരംഗം വളര്‍ച്ച പ്രാപിക്കുന്നില്ല. പുത്തന്‍ കോഴ്സുകളും മറ്റും തുടങ്ങി വിജ്ഞാന വ്യാപനരംഗത്തു നമ്മള്‍ ശ്രദ്ധേയമായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണു പല പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഗവേഷണ വികസന കേന്ദ്രങ്ങള്‍ രാജ്യത്ത് തുടങ്ങിയത്.

മനുഷ്യവിഭവശേഷിയെ കൂടുതല്‍ ശാക്തീകരിച്ചില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാകും. ലോകോത്തരമായ അടിസ്ഥാനസൌകര്യം ഉറപ്പാക്കേണ്ടതുണ്ട്. അതു ചെയ്തില്ലെങ്കില്‍ നമ്മുടെ മുന്നില്‍ എത്തിയ അവസരങ്ങള്‍ വഴുതിപ്പാകും. അതിനുള്ള ജാഗ്രത എല്ലാവരും കാണിക്കണം. മനുഷ്യവിഭവശേഷി പരിപാലിക്കുന്നതില്‍ പ്രാദേശികമായ വൈജാത്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതും അവസാനിപ്പിക്കണം.

വിവരസാങ്കേതികവിദ്യയില്‍ കൈവന്നിട്ടുള്ള പുരോഗതി സാമൂഹിക ബന്ധങ്ങളെ അപ്പാടെ തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാം. നമ്മുടെ സമൂഹം ഏറെ ആഴത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.


കോളജില്‍ പുതുതായി നിര്‍മിക്കുന്ന ബില്‍ഡിംഗ് സ്പേയ്സ് ഫോര്‍ എക്സലന്‍സിന്റെ ശിലാസ്ഥാപനവും മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലോഷ്യസിനു വൃക്ഷത്തൈയും അദ്ദേഹം കൈമാറി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മണി എന്നിവര്‍ പ്രസംഗിച്ചു. കോളജ് മാനേജര്‍ റവ.ഡോ.ജോസ് കുറിയേടത്ത് സ്വാഗതവും പ്രിന്‍സിപ്പല്‍ റവ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ നന്ദിയും പറഞ്ഞു.

വിശുദ്ധ ചാവറയച്ചന്‍ മാറ്റങ്ങളുടെ മാര്‍ഗദര്‍ശി: മന്‍മോഹന്‍ സിംഗ്

കൊച്ചി: സാമൂഹികവും ആധ്യാത്മികവുമായ പുരോഗതിക്കായി ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ലോകാരാധ്യനെന്നു മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലങ്ങളാണ്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതു കേരളീയ സമൂഹത്തിനും ക്രൈസ്തവ സഭയ്ക്കും അപ്പാടെ തന്നെ അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നും തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ വിദ്യാഭ്യാസവും സാമൂഹിക മാറ്റവും എന്ന വിഷയത്തില്‍ പ്രഥമ പ്രഭാഷണം നടത്തിയ അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആധ്യാത്മിക പുരോഗതിക്കു മാത്രമല്ല, സാമൂഹിക പുരോഗതിക്കും ചാവറയച്ചന്‍ നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. ദീര്‍ഘദര്‍ശിയായ അദ്ദേഹം ഒട്ടേറെ മേഖലകളില്‍ മാറ്റങ്ങള്‍ക്കു മാര്‍ഗദര്‍ശകനായി. ചാവറയച്ചനെ പോലുള്ള ആചാര്യന്മാര്‍ ആത്മീയതയുടെ ഊര്‍ജം മാത്രമല്ല നമ്മിലേക്കു പ്രസരിപ്പിക്കുന്നത്, സമൂഹത്തെ അപ്പാടെ തന്നെ അവര്‍ മാറ്റി തീര്‍ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സേവനം, തുല്യത, സാമൂഹിക നീതി തുടങ്ങിയ കാര്യങ്ങളില്‍ ഊന്നി തികഞ്ഞ സാമൂഹികമായ ഉള്‍ക്കാഴ്ചയോടും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിച്ച ചാവറയച്ചന്‍ ലോകം അംഗീകരിക്കുന്ന പുണ്യാത്മാവാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) സഭ രാജ്യത്തിനകത്തും പുറത്തും ആധ്യാത്മികവും സാമൂഹികവുമായ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. 3,000 അംഗങ്ങളുള്ള സിഎംഐ സഭ 1944ല്‍ സ്ഥാപിച്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവരുടെ പ്രഥമ സ്ഥാപനമാണ്. മികവുറ്റ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണു കോളജിന് ഇക്കൊല്ലം സ്വാശ്രയ പദവി നല്‍കപ്പെട്ടതെന്നും ഡോ.മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.