മുല്ലപ്പെരിയാര്‍: എല്‍.എ.വി. നാഥനെ പുറത്താക്കണമെന്നു സുധീരന്‍
മുല്ലപ്പെരിയാര്‍: എല്‍.എ.വി. നാഥനെ പുറത്താക്കണമെന്നു സുധീരന്‍
Friday, November 28, 2014 1:00 AM IST
തൊടുപുഴ: പക്ഷപാത നിലപാടു സ്വീകരിക്കുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥനെ പുറത്താക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. കടുത്ത അനീതിയാണ് എല്‍.എ.വി നാഥന്‍ കേരളത്തോടു കാണിക്കുന്നത്. ആ നിലപാടുകള്‍ നേരത്തെ ഉയര്‍ന്ന സംശയങ്ങള്‍ക്കു ബലമേകുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെയാണു നാഥന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇദ്ദേഹത്തെ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം.- അദ്ദേഹം പറഞ്ഞു.

ജനപക്ഷയാത്രയ്ക്കു വേണ്ടി കോട്ടയത്തു മദ്യക്കച്ചവടക്കാരില്‍നിന്നു പണപ്പിരിവ് നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബാബു പ്രസാദിനെ ചുമതലപ്പെടുത്തി. ഡിസിസി പ്രസിഡന്റിനെ അവിശ്വസിക്കേണ്ടതില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണമെന്നു വേണം കരുതാന്‍. ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെതിരേ നടപടി വേണം. ഇതു സംബന്ധിച്ചു രേഖാമൂലം ഡിസിസി പ്രസിഡന്റ് കോട്ടയം ജില്ലാ പോലീസ് മേധാവിക്കും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


കോട്ടയം ജില്ലയുടെ ചുമതലയുള്ള ബാബു പ്രസാദിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷയാത്രയുടെ വിജയത്തില്‍ വിളറിപൂണ്ട ചിലരാണ് ആരോപണങ്ങളുമായി രംഗത്തുവരുന്നത്.

മദ്യലോബി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പ്രഖ്യാപിത നയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. ലഹരിക്കെതിരേയുള്ള പ്രചാരണം പൂര്‍വാധികം ശക്തിയോടെ കൊണ്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.