മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാക്കിയവര്‍ക്കെതിരേ നടപടി തുടങ്ങി
Friday, November 28, 2014 1:21 AM IST
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള 119 സര്‍ക്കാര്‍ സീറ്റുകളില്‍ പഠിക്കാനുള്ള അവസരം നഷ്ടമാക്കിയവര്‍ക്കെതിരേ പ്രോസ്പെക്ട്സില്‍ വ്യക്തമാക്കിയതു പോലെ 10 ലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ പ്രവേശ പരീക്ഷാ കമ്മീഷണറേറ്റ് ആലോചിക്കുന്നു.

113 ബിഡിഎസ് സീറ്റുകളും ആറ് എംബിബിഎസ് സീറ്റുകളും അടക്കമുള്ളവയാണു സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു നഷ്ടമായത്. ചില വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സങ്കുചിത താല്‍പര്യം കാരണമാണു വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ സീറ്റില്‍ പഠിക്കാനുള്ള അവസരം നഷ്ടമാക്കിയതെന്നു പ്രവേശ പരീക്ഷാ കമ്മീഷണര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

എംബിബിഎസ്, ബിഡിഎസ് സീറ്റിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാത്രമേ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താവൂ എന്നു പ്രോസ്പെക്സില്‍ വ്യക്തമാക്കിയിരുന്നു. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു. ലഭിക്കുന്ന അലോട്ട്മെന്റ് സ്വീകരിച്ചില്ലെങ്കില്‍ പത്തു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തതിനാല്‍ സീറ്റുകള്‍ നഷ്ടമായി. സീറ്റുകള്‍ നഷ്ടപ്പെടുത്തിയവരില്‍ ഒരു വിഭാഗം അന്യസംസ്ഥാനത്തോ മാനേജ്മെന്റ് സീറ്റിലോ പ്രവേശനം നേടിയവരാണ്. ബിഡിഎസ് പ്രവേശനം നഷ്ടപ്പെടുത്തിയവരില്‍ ഭൂരിഭാഗവും എംബിബിഎസിനു ചേര്‍ന്നവരും. സീറ്റുകള്‍ നഷ്ടമാക്കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും ഡോക്ടര്‍മാരോ മറ്റു പ്രഫഷണലുകളോ ആണ്.


അലോട്ട്മെന്റ് പ്രക്രിയയെക്കുറിച്ചു പൂര്‍ണ ബോധ്യമുള്ളവരാണു സീറ്റുകള്‍ നഷ്ടമാക്കിയവരില്‍ ഭൂരിഭാഗവും. ഇതുമൂലം സര്‍ക്കാര്‍ സീറ്റുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശമാണു നഷ്ടമായതെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണു ശ്രമിക്കുന്നതെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.