രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സഭൈക്യത്തിനായുള്ള കാലത്തിന്റെ ചുവരെഴുത്ത്: മാര്‍ ജോസഫ് പെരുന്തോട്ടം
രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സഭൈക്യത്തിനായുള്ള  കാലത്തിന്റെ ചുവരെഴുത്ത്: മാര്‍ ജോസഫ് പെരുന്തോട്ടം
Friday, November 28, 2014 1:17 AM IST
കോട്ടയം: സഭൈക്യത്തിനായുള്ള കാലത്തിന്റെ ചുവരെഴുത്താണു രണ്ടാം വത്തിക്കാന്‍ കൌണ്‍സിലെന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഉറവിടങ്ങളിലേയ്ക്കു മടങ്ങിച്ചെന്നു പരസ്പരം പങ്കുവയ്ക്കലിന്റെതായ സംസ്കാരം സൃഷ്ടിച്ച് ഒരുമയില്‍ മുന്നേറാന്‍ വിവിധ ക്രൈസ്തവ സഭകള്‍ക്കു കഴിയണം. വത്തിക്കാന്‍ കൌണ്‍സില്‍ പ്രബോധന രേഖകളായ സഭൈക്യം, തിരുസഭ, പൌരസ്ത്യ സഭകള്‍ എന്നിവയുടെ പ്രസാധനത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ രണ്ടുദിവസമായി നടന്നുവന്ന സഭൈക്യ ദൈവശാസ്ത്ര സിമ്പോസിയത്തിന്റെ സമാപനത്തില്‍ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ പരിമിതികള്‍ക്കുള്ളില്‍ നിലനില്‍ക്കാതെ സഹജീവികളിലേയ്ക്കും സമസ്ത സൃഷ്ടികളിലേയ്ക്കും വളരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഭാസമൂഹങ്ങള്‍ക്കു സാധിക്കണമെന്നു മാര്‍ത്തോമാ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ ചൂണ്ടിക്കാട്ടി.

മാര്‍ അപ്രേം മെത്രാപ്പോലീത്ത, ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ സേവേറിയൂസ് മെത്രാപ്പോലീത്ത, മാര്‍ കുര്യാക്കോസ് സേവേറിയോസ് മെത്രാപ്പോലീത്ത, ബിഷപ് മാര്‍ ഔഗന്‍, റവ. ഡോ. സാബു കെ ചെറിയാന്‍, മോണ്‍. ജോസ് നവെസ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. സെമിനാരി റെക്ടര്‍ റവ. ഡോ. അലക്സ് താരാമംഗലം സ്വാഗതവും വൈസ് റെക്ടര്‍ റവ. ഡോ. സ്കറിയ കന്യാകോണില്‍ നന്ദിയും പറഞ്ഞു.


രാവിലെ വിവിധ വിഷയങ്ങളെ അധികരിച്ചു റവ. ഡോ. കോശി വൈദ്യന്‍, ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബി.സി.എം കോളജ് വിദ്യാര്‍ഥിനികളുടെ നൃത്തവും സെമിനാരി വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സിമ്പോസിയത്തിനു മിഴിവേകി. റവ.ഡോ. ജോണ്‍സണ്‍ വടക്കുംഞ്ചേരി, റവ.ഡോ. ഡൊമിനിക് വെച്ചൂര്‍, റവ.ഡോ. സെബാസ്റ്യന്‍ ചാലയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ സഭൈക്യ ദൈവശാസ്ത്ര സിമ്പോസിയത്തിനു നേതൃത്വം നല്കി.

രണ്ടു ദിവസമായി നടന്ന സിമ്പോസിയത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളും അല്മായരും വടവാതൂര്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികളും ഉള്‍പ്പെടെ നാനൂറോളം പേര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.