പക്ഷികളുമായി ഇടപഴകിയവരില്‍ പനിബാധിച്ചവരെ പരിശോധിച്ചു
Friday, November 28, 2014 12:53 AM IST
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പക്ഷികളുമായി ഇടപഴകി പനിബാധിച്ചവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രോഗനിയന്ത്രണത്തിന്റെ ഭാഗമായി അമ്പലപ്പുഴ, ചമ്പക്കുളം എന്നീ ബ്ളോക്കുകളിലെ രോഗബാധിതപ്രദേശങ്ങളിലാണു ഡോക്ടര്‍മാരടങ്ങുന്ന സംഘം ഭവനസന്ദര്‍ശനം നടത്തിയത്. പനി ബാധിച്ചവരെ കണ്െടത്തി. അവരില്‍ ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവരെ വിശദമായി പരിശോധിച്ചു.

ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.സന്തോഷ് രാഘവനും പ്രിന്‍സിപ്പല്‍ ഡോ.എ.മെഹറുന്നീസയും അറിയിച്ചു. മരുന്നുകള്‍, രോഗനിര്‍ണയോപാധികള്‍, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ മൂന്നു പ്രത്യേക മുറി തയാറായിട്ടുണ്ട്.


മനുഷ്യനെ ബാധിക്കുന്ന പക്ഷിപ്പനിക്കു ഔഷധമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് ഒസെള്‍ട്ടാമിവിര്‍ എന്ന മരുന്നാണ്. ഈ ഔഷധത്തിന്റെ ശാസ്ത്രീയമല്ലാത്ത ഉപയോഗം രോഗാണുക്കള്‍ക്കു മരുന്നിനെ പ്രതിരോധിക്കാനുള്ള ശക്തി പകരുമെന്നു ഡിഎംഒ അറിയിച്ചു. മരുന്നിനെതിരേ പ്രതിരോധശേഷി കൈവരിച്ച രോഗാണുക്കള്‍ മൂലം രോഗം ഉണ്ടായാല്‍ ചികിത്സ ഫലപ്രദമാകില്ല. ആയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മരുന്നു കഴിക്കണം. ഇന്നലെ അമ്പലപ്പുഴ, ചമ്പക്കുളം ബ്ളോക്കുകളിലെ വിവിധ പഞ്ചായത്തുകളിലായി 3,824 ഭവനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.