യന്തിരന്‍ റീലോഡഡ്... തെങ്ങിലേക്ക് ഇനി ഇരുന്നു കയറാം
യന്തിരന്‍ റീലോഡഡ്... തെങ്ങിലേക്ക് ഇനി ഇരുന്നു കയറാം
Friday, November 28, 2014 1:00 AM IST
തൃശൂര്‍: കാലം മാറി, തെങ്ങുകയറ്റത്തിന്റെ സെറ്റപ്പും മാറി. തളപ്പിട്ടു കയറുന്ന രീതിയില്‍നിന്നു തെങ്ങുകയറ്റ യന്ത്രത്തിലേക്കുള്ള ചുവടുമാറ്റത്തിനുശേഷം ഇരുന്നുകൊണ്ട് തെങ്ങിലേക്കു കയറിപ്പോകാവുന്ന പുതിയ യന്ത്രമാണ് ഇപ്പോള്‍ കേരകര്‍ഷകരെ സഹായിക്കാനായി എത്തിയിരിക്കുന്നത്.

മണ്ണുത്തിയിലെ കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കേരസുരക്ഷ തെങ്ങുകയറ്റ യന്ത്രമാണു ചില പരിഷ്കാരങ്ങളൊക്കെ വരുത്തിക്കൊണ്ടു പുതിയ രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന യന്ത്രത്തിനു പല പ്രശ്നങ്ങളും തെങ്ങുകയറ്റക്കാര്‍ പരാതിപ്പെട്ടിരുന്നു. യന്ത്രം തെങ്ങുമായി ബന്ധിപ്പിക്കുന്നതിനു കൂടുതല്‍ സമയം വേണമെന്നതും ഉയരം കയറുന്നതനുസരിച്ച് തെങ്ങിന്റെ വണ്ണം കുറയുന്നതിനാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അസുഖകരമായ ഇരിപ്പിടവുമൊക്കെ പഴയ തെങ്ങുകയറ്റയന്ത്രത്തിനുള്ള പോരായ്മകളായിരുന്നു. ഈ പോരായ്മകളെല്ലാം പരിഹരിച്ചാണു പുതിയ യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്.

ഏകദേശം എട്ടു കിലോ ഭാരംവരുന്ന ഈ യന്ത്രത്തിനു സൈക്കിള്‍ സീറ്റ് സംവിധാനവും തടിയോടു പിടിപ്പിക്കാവുന്ന ഹാന്‍ഡിലും മരത്തിന്റെ വണ്ണം കുറയുന്നതിന് അനുസരിച്ച് അഞ്ചു സെക്കന്‍ഡ് കൊണ്ട് തെങ്ങിനോടുചേര്‍ത്ത് ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണ സംവിധാനവുമുണ്ട്. ഇതു തെങ്ങിനോടു ബന്ധിപ്പിക്കുന്നതിനു സ്റീല്‍ കയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറുന്നതിന് 78 സെക്കന്‍ഡും ഇറങ്ങുന്നതിന് 60 സെക്കന്‍ഡും മതിയാകും. ഈ യന്ത്രം തെങ്ങുമായി ഘടിപ്പിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനും അഞ്ചു സെക്കന്‍ഡ് വീതം മതിയാകും.


150 സെക്കന്‍ഡ് കൊണ്ട് ഒരു തെങ്ങില്‍ കയറിയിറങ്ങാന്‍ കഴിയും. തേങ്ങയിടാന്‍ എടുക്കുന്ന സമയം ഇതിനു പുറമെയാണ്. ആദ്യപടിയെന്നോണം ഇത്തരം 100 യന്ത്രങ്ങള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം വര്‍ക്ഷോപ്പില്‍ തയാറാക്കി സംസ്ഥാനത്തെ 14 മാതൃകാ കാര്‍ഷികസേവന കേന്ദ്രങ്ങളിലൂടെ പരിശോധന നടത്തും. ഏകദേശം 3000 രൂപയാണ് ഈ യന്ത്രത്തിനു വിലവരുന്നത്. കേരസുരക്ഷ തെങ്ങുകയറ്റ യന്ത്രത്തിന്റെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് നബാര്‍ഡ് 15 ലക്ഷം രൂപയുടെ ഒരു പദ്ധതി അംഗീകരിച്ചിട്ടുണ്ട്.

ഡോ. യു. ജയ്കുമാരന്‍, സി. ഉണ്ണിക്യഷ്ണന്‍, സി.ജെ. ജോസഫ് എന്നിവരടങ്ങുന്ന ഗവേഷണ വികസന ടീമാണ് ഇരുന്നുകൊണ്ട് തെങ്ങുകയറ്റം നടത്താവുന്ന ഈ യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്.

ഭക്ഷ്യ സുരക്ഷാസേനയുടെ പരിശീലന പരിപാടിക്ക് ഈ യന്ത്രം വ്യാപകമായി ഉപയോഗിക്കും. തെങ്ങുകയറ്റം പരിപൂര്‍ണമായി യന്ത്രവത്കരിക്കാന്‍ സാധിക്കുകയാണെങ്കില്‍ കേരളത്തില്‍ നിലവിലുളള തെങ്ങിന്റെ കണക്ക് അനുസരിച്ച് ഏകദേശം 35,000 പേര്‍ക്കു തെങ്ങുകയറ്റ ജോലിയില്‍ ഏര്‍പ്പെടാന്‍ കഴിയും. പ്രതിദിനം ചുരുങ്ങിയത് 2000 രൂപ വരുമാനം ഉണ്ടാക്കാനും കഴിയും. നിലവിലുള്ള തെങ്ങുകയറ്റ ജോലിയില്‍ 60 ശതമാനം പേര്‍ക്കുകൂടി ജോലിസാധ്യത ലഭ്യമാക്കാനും ഈ യന്ത്രം കൊണ്ടു കഴിയും. നീര ഉത്പാദനവുമായി ബന്ധപ്പെട്ട് ദൈനംദിന തെങ്ങുകയറ്റ തൊഴിലിന് ഈ യന്ത്രം ഒരു അവിഭാജ്യ ഘടകമായി മാറുമെന്നാണു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.