കൃഷ്ണപിള്ളസ്മാരകം തകര്‍ത്ത സംഭവം: അഞ്ചു സിപിഎമ്മുകാര്‍ പ്രതികള്‍
കൃഷ്ണപിള്ളസ്മാരകം തകര്‍ത്ത സംഭവം: അഞ്ചു സിപിഎമ്മുകാര്‍ പ്രതികള്‍
Friday, November 28, 2014 12:48 AM IST
ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തീയിട്ടു നശിപ്പിച്ചതും പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് അഞ്ചു സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റാഫ് ആയിരുന്ന ലതീഷ് ബി. ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ അംഗവുമായ പി. സാബു, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുഹമ്മ, കഞ്ഞിക്കുഴി സ്വദേശികളുമായ ദീപു, രാജേഷ് രാജന്‍, സിപിഎം പ്രവര്‍ത്തകനായ പ്രമോദ് എന്നിവരാണു സംഭവത്തിനു പിന്നിലെന്നു കാണിച്ച് ഇന്നലെയാണു ക്രൈംബ്രാഞ്ച് എസ്പി ആര്‍.കെ. ജയരാജ് ആലപ്പുഴ ഫസ്റ്ക്ളാസ് ജുഡീഷല്‍ മജിസ്ട്രേട്ടിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണു സംഭവത്തിനു പിന്നിലെന്നു ക്രൈംബ്രാഞ്ച് കണ്െടത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നു പുലര്‍ച്ചെയാണു മുഹമ്മ കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തീയിടുകയും അദ്ദേഹത്തിന്റെ പ്രതിമയ്ക്കു കേടു വരുത്തുകയും ചെയ്തത്. ഒളിവില്‍ താമസിക്കവേ പി. കൃഷ്ണപിള്ള പാമ്പുകടിയേറ്റു മരിച്ച കണ്ണര്‍കാടുള്ള വീടാണ് അദ്ദേഹത്തിന്റെ സ്മാരകമായി സംരക്ഷിച്ചു പോരുന്നത്. ഓലമേഞ്ഞ ഈ വീടിന്റെ പിന്‍ഭാഗമാണു കത്തിച്ചത്. വീടിനു മുന്‍ഭാഗത്തു സ്ഥാപിച്ചിരുന്ന കൃഷ്ണപിള്ളയുടെ പ്രതിമയുടെ കണ്ണിന്റെ ഭാഗം തകര്‍ക്കുകയുംചെയ്തു.

പ്രതിപ്പട്ടികയിലുള്‍പ്പെട്ടയാളും കൃഷ്ണപിള്ള സ്മാരകത്തിന്റെ അയല്‍വാസിയുമായ ദീപുവാണു സ്മാരകത്തില്‍ തീ ഉയരുന്നത് ആദ്യം കണ്ടിരുന്നത്. അക്രമത്തിനു പിന്നിലുള്ളവരെക്കുറിച്ചു മാസങ്ങള്‍ക്കു മുമ്പുതന്നെ അന്വേഷണസംഘത്തിനു സൂചന ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ വ്യക്തതയ്ക്കായി സമയമെടുക്കുകയായിരുന്നു.

ആക്രമണത്തിനായി പ്രത്യേക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എടുത്ത സംഘാംഗങ്ങള്‍ മറ്റൊരു നമ്പറിലേക്കു കോള്‍ ഡൈവേര്‍ട്ട് ചെയ്താണ് അന്നേ ദിവസം ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്െടത്തിയിരുന്നു. അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനായി തൊട്ടടുത്തു കായിപ്പുറത്ത് ഇതേദിവസം ഇന്ദിരാഗാന്ധി സ്മാരകവും തകര്‍ത്തു. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്െടന്നു കണ്െടത്തി ആ രീതിയില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാ ദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍വേണ്ടിയാണ് ഇന്ദിരാഗാന്ധിയുടെ പ്രതിമ തകര്‍ത്തതെന്ന് ആദ്യമേ സംശയമുയര്‍ന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമ തകര്‍ത്ത കേസില്‍ രണ്ടു സിപിഎമ്മുകാരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്ചെയ്തിരുന്നു. ഈ കേസിലും ഒന്നാം പ്രതിയായ ലതീഷ് ബി. ചന്ദ്രനായി ഇന്നലെയും തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ലെന്നാണു അന്വേഷണസംഘം പറയുന്നത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ബന്ധമുണ്െടന്ന് ആദ്യഘട്ടം മുതല്‍ സംശയമുണ്ടായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂര്‍ സോമന്‍ എന്നിവരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ അന്വേഷണ സം ഘം തീരുമാനിച്ചെങ്കിലും ഇരുവരും കോടതിയില്‍ പരിശോധനയ്ക്കു വിസമ്മതിച്ചിരുന്നു.


കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണു കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതെന്ന് ആദ്യമേ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്താക്കും മുമ്പ് വി.എസ്പക്ഷത്തുനിന്നിരുന്ന ലതീഷ് ബി. ചന്ദ്രന്‍ അടുത്ത കാലത്തായി ഔദ്യോഗികപക്ഷവുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പറയുന്നു. സാബുവും ലതീഷ് ബി. ചന്ദ്രനും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണു അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

കൃഷ്ണപിള്ള സ്മാരകം: രണ്ടു പ്രതികളെ സിപിഎം പുറത്താക്കി

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് ഉള്‍പ്പെട്ടവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ്. പാര്‍ട്ടി കണ്ണാര്‍കാട് ലോക്കല്‍ കമ്മിറ്റിയംഗം പി. സാബു, പാര്‍ട്ടിയംഗമായ പ്രമോദ് എന്നിവരെയാണു ജില്ലാ സെക്രട്ടേറിയറ്റ് പുറത്താക്കിയത്. അന്വേഷണവുമായി ബന്ധപ്പെട്ടു വിശദാംശങ്ങള്‍ വരുന്ന മുറയ്ക്കു ഉചിതമായ മറ്റു നടപടികളും പാര്‍ട്ടി തീരുമാനിക്കുമെന്നും സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ലതീഷ് ബി. ചന്ദ്രനെ നേരത്തേ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നതാണെന്നും രാജേഷ് രാജനും ദീപുവിനും സിപിഎമ്മുമായി ബന്ധമില്ലെന്നും ചന്ദ്രബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.