വ്യവസായിയെ ബ്ളാക്ക്മെയില്‍ ചെയ്ത് അരക്കോടി തട്ടാന്‍ ശ്രമം: കൊലക്കേസ് പ്രതികള്‍ പിടിയില്‍
വ്യവസായിയെ  ബ്ളാക്ക്മെയില്‍ ചെയ്ത്  അരക്കോടി തട്ടാന്‍ ശ്രമം: കൊലക്കേസ് പ്രതികള്‍ പിടിയില്‍
Thursday, November 27, 2014 12:54 AM IST
വലപ്പാട്: വ്യവസായിയെ ബ്ളാക്ക്മെയില്‍ ചെയ്ത് അരക്കോടിരൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്ചെയ്തു. ചെന്ത്രാപ്പിന്നി പാണാട്ട് വീട്ടില്‍ രാജേഷ് (27), കല്ലേറ്റുങ്കര കാഞ്ഞിരപ്പറമ്പില്‍ ഹനീഷ് (വെള്ള ഹനീഷ് -30) എന്നിവരെയാണ് അറസ്റ് ചെയ്തതെന്നു തൃശൂര്‍ റൂറല്‍ എസ്പി എന്‍. വിജയകുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസ്, വലപ്പാട് സിഐ ആര്‍. രതീഷ്കുമാര്‍, എസ്ഐ കെ.ജെ. ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇവരില്‍നിന്ന് ഒരു ഇന്നോവ കാര്‍, ഭാരമുള്ള പിസ്റല്‍ കളിത്തോക്ക്, അഞ്ചുമൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. മേഖലയിലെ പ്രമുഖ വ്യവസായിയുടെ മകളുടെ നഗ്നവീഡിയോ അടങ്ങിയ സിഡി കൈയിലുണ്െടന്നും അരക്കോടി രൂപ തന്നാല്‍ അവ നശിപ്പിച്ചുകളയാമെന്നും അല്ലെങ്കില്‍ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. കഴിഞ്ഞ 24നു ഫോണ്‍ ചെയ്ത് 25നു വൈകിട്ട് തുകയുമായി മണ്ണുത്തി ബൈപാസില്‍ എത്തണമെന്നും വ്യവസായിയും മകനും മാത്രമേ പണവുമായി വരാവൂവെന്നു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിന്റെ നിര്‍ദേശ പ്രകാരം മണ്ണുത്തിയില്‍ കാറുമായെത്തിയ വ്യവസായിയെയും മകനെയും പിന്നീടു പട്ടിക്കാട്ടേക്കും തുടര്‍ന്നു മുടിക്കോട്ടേക്കും വരുവാന്‍ രണ്ടംഗ സംഘം ഫോണില്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ചു നീങ്ങിയ വ്യവസായിയെയും മകനെയും നിരീക്ഷിച്ചു കടന്നുപോയ രണ്ടംഗ സംഘത്തിന്റെ കാര്‍ വ്യവസായിക്കൊപ്പം വേഷം മാറിയെത്തി വിവിധയിടങ്ങളില്‍ മറഞ്ഞുനിന്ന പോലീസ് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വ്യവസായിയുടെ കാറില്‍ മകനല്ലാതെ ആരുമില്ലെന്നു കണ്െടത്തിയ രണ്ടംഗ സംഘം ഇന്നോവ കാറില്‍ ഇവര്‍ക്കടുത്തെത്തുകയും കാറില്‍നിന്നൊരാള്‍ പുറത്തിറങ്ങിയപ്പോള്‍ത്തന്നെ പോലീസ് ഇവരെ വളയുകയുമായിരുന്നു.


ചെന്ത്രാപ്പിന്നിക്കാരനായ രാജേഷ് മംഗലം ഡാമിനടുത്തും കല്ലേറ്റുങ്കരക്കാരനായ ഹനീഷ് കുന്നംകുളം പന്നിത്തടത്തുമാണു താമസം. 2010ല്‍ ചെന്ത്രാപ്പിന്നിയിലെ ധന്യാ ജ്വല്ലറി ഉടമ തമ്പിയെ നാഗമാണിക്യം, റൈസ്പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. തമ്പിയുടെ കൈകളും കാലുകളും കെട്ടിയിട്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കല്ലുകൊണ്ടു മുഖത്തടിച്ചു വികൃതമാക്കി വയറുകീറി ചെന്ത്രാപ്പിന്നിയിലെ പഴയ തിയേറ്ററിനു സമീപത്തെ കുളത്തില്‍ കെട്ടിത്താഴ്ത്തിയെന്നാണു കേസ്.

ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഈ കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ വക്കീല്‍ ഫീസായ പത്തുലക്ഷം രൂപ കൊടുക്കാനാണു വ്യവസായിയെ ഭീഷണിപ്പെടുത്തി അരക്കോടിരൂപ തട്ടാന്‍ ശ്രമം നടത്തിയതെന്നു പ്രതികള്‍ സമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.