സീറ്റിന്റെ കുഷ്യനില്‍ ഒളിപ്പിച്ച രണ്ടു കിലോ സ്വര്‍ണം പിടിച്ചു
Thursday, November 27, 2014 1:21 AM IST
നെടുമ്പാശേരി: വിമാനത്തില്‍ സീറ്റിന്റെ കുഷ്യനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വര്‍ണം പിടിച്ചു. വിമാനത്തിലെ ക്രൂവാണു സ്വര്‍ണം കണ്െടത്തിയത്. വിപണിയില്‍ 50 ലക്ഷം രൂപ വിലമതിക്കുന്നതാണു സ്വര്‍ണം.

സിംഗപ്പൂരില്‍നിന്നു കൊച്ചിയിലേക്കു വന്ന സില്‍ക്ക് എയറിന്റെ എംഐ 468-ാം നമ്പര്‍ ഫ്ളൈറ്റിലാണു സംഭവം. ഈ വിമാനത്തില്‍ വന്ന തമിഴ്നാട് രാമനാഥപുരം സ്വദേശി ഹനീഫ (30) ആണ് സ്വര്‍ണം കൊണ്ടുവന്നത്. ഇയാളെ അറസ്റ് ചെയ്തു. സ്വര്‍ണം കൊച്ചി വിമാനത്താവളത്തിലെ എയര്‍ കസ്റംസ് വിഭാഗത്തിനു കൈമാറി.


സമീപകാലത്തു കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ 23 സ്വര്‍ണ കള്ളക്കടത്തുകാരില്‍ 19 പേരും തമിഴ്നാട് രാമനാഥപുരം സ്വദേശികളാണ്. ഇവരെല്ലാം കാരിയര്‍മാരാണ്. വന്‍കിട സ്വര്‍ണ വ്യാപാരികളാണ് ഇവരെ കള്ളക്കടത്തിനു റിക്രൂട്ട് ചെയ്യുന്നത്. രാമനാഥപുരം കേന്ദ്രീകരിച്ച് ഇതിന് ഏജന്‍സികളുണ്െടന്നു പിടിയിലായവര്‍ മൊഴി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.