വചനശ്രവണം ജീവിതശൈലിയാക്കണം: മാര്‍ കല്ലറങ്ങാട്ട്
വചനശ്രവണം ജീവിതശൈലിയാക്കണം: മാര്‍ കല്ലറങ്ങാട്ട്
Thursday, November 27, 2014 1:20 AM IST
പാലാ: വചനം ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്നും വചനശ്രവണം ഒരു ജീവിതശൈലിയാക്കി മാറ്റണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 32-ാം പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം പാലാ സെന്റ് തോമസ് കോളജ് ഗ്രൌണ്ടില്‍ നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വചനവേദികള്‍ നമുക്കു തുറന്നുതരുന്നത് ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിനുള്ള അവസരമാണ്. രൂപതയിലെ ദൈവജനം മുഴുവന്‍ വചനത്തിനു ചുറ്റുമിരുന്ന് വചനവ്യാഖ്യാനവിരുന്ന് അനുഭവിക്കാന്‍ കണ്‍വന്‍ഷന്‍ കാരണമാകുന്നു. സാധാരണ ജനങ്ങള്‍ക്ക് വചനം കേള്‍ക്കാന്‍ അവസരം കുറവായതുകൊണ്ടാണു ബൈബിള്‍ കണ്‍വന്‍ഷന്‍ വിപുലമായി സംഘടിപ്പിക്കുമെന്നതെന്നും മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.


മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മധ്യസ്ഥ പ്രാര്‍ഥനയും മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധഗ്രന്ഥ വായനയും നടത്തി. വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ സ്വാഗതവും ഫാ. കുര്യന്‍ കുര്യന്‍ മറ്റം നന്ദിയും പറഞ്ഞു.

ഡിസംബര്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൌണ്ടിലാണു ബൈബിള്‍ കണ്‍വന്‍ഷന്‍. ഇന്നു മുതല്‍ ഡിസംബര്‍ 18 വരെ ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ ജറീക്കോ പ്രാര്‍ഥന ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.