മുല്ലപ്പെരിയാര്‍: പോലീസ് സംവിധാനത്തിനു പ്രശ്നങ്ങളില്ലെന്നു മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍: പോലീസ് സംവിധാനത്തിനു പ്രശ്നങ്ങളില്ലെന്നു മുഖ്യമന്ത്രി
Thursday, November 27, 2014 12:53 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ നിലവിലെ കേരള പോലീസിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സംവിധാനത്തില്‍ പ്രശ്നമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാറിന്റെ സുരക്ഷ കേന്ദ്രസേനയായ സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്നുവെന്ന പ്രചാരണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇ.എസ്. ബിജിമോള്‍ എംഎല്‍എ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതിന്റെ പേരിലാണു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തമിഴ്നാട് ഉന്നയിച്ചത്. എംഎല്‍എയോടൊപ്പം മറ്റൊരാള്‍ പോലും ഇവിടെ പ്രവേശിച്ചിരുന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമമനുസരിച്ചു കൊടുക്കരുതെന്നു മന്ത്രിസഭായോഗം തീരുമാനിച്ചിട്ടില്ല. മുല്ലപ്പെരിയാറിലെ നിലവിലെ അവസ്ഥ സുപ്രീംകോടതിയും തമിഴ്നാട് സര്‍ക്കാരും മനസിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.


മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നു ജൈവ സമ്പത്ത് വന്‍തോതിലാണു നശിച്ചത്. വന്യജീവികള്‍ക്കും ഭീഷണി ഉയര്‍ന്നു. തമിഴ്നാടുമായി നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹം.

പേപ്പാറയിലെ ജലനിരപ്പ് മൂന്ന് അടി ഉയര്‍ത്തുന്നതു മൂലം ജൈവസമ്പത്ത് നാമമാത്രമായി മാത്രമേ നശിക്കൂ. തിരുവനന്തപുരം നഗര ത്തിലേക്കു കുടിവെള്ളം എത്തിക്കുന്നതു പേപ്പാറ അണക്കെട്ടില്‍നിന്നാണ്. മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചു. ഇതു സംബന്ധിച്ചു സ്വീകരിക്കേണ്ട അനന്തര നടപടി നിയമവിദ്ഗധരുമായി ആലോചിച്ചുവരികയാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.