മുല്ലപ്പെരിയാര്‍: സംസ്ഥാന സംഘം പ്രധാനമന്ത്രിയെ കാണും
മുല്ലപ്പെരിയാര്‍: സംസ്ഥാന സംഘം പ്രധാനമന്ത്രിയെ കാണും
Thursday, November 27, 2014 12:52 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചു വീണ്ടും പഠന സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു കേരള പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണും. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണു തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ജലസേചന മന്ത്രി പി.ജെ. ജോസഫ് എന്നിവരാണുള്ളത്.

ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു പഠിക്കാനായി പുതുതായി നിയോഗിക്കുന്ന സംഘത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതു പരിസ്ഥിതിസംരക്ഷണം ഉള്‍പ്പെടെയുള്ള നാലു കേന്ദ്ര നിയമങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

119 വര്‍ഷം പഴക്കമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് ഇപ്പോഴും സംസ്ഥാനത്തിനുള്ളതെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിലാണു പുതിയ പഠന സംഘത്തെ നിയോഗിക്കണമെന്നു സംസ്ഥാനം ആവശ്യപ്പെടുന്നത്. 1979ല്‍ തന്നെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നു കണ്െടത്തിയതാണ്. നിലവിലുള്ള ഡാമിനു 1,300 അടി താഴെയായി പുതിയ ഡാം നിര്‍മിക്കണമെന്ന് അന്നു തീരുമാനിച്ചതുമാണ്. കഴിഞ്ഞ ദിവസം കേന്ദ്രസേന ഡാമില്‍ നടത്തിയ പരിശോധന സംസ്ഥാനത്തെ അറിയിക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് 142 അടിയായി ഉയര്‍ന്നപ്പോള്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ 5.68 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വെള്ളത്തിനടിയിലായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. 108 ഹെക്ടര്‍ നിത്യഹരിത വനവും 147 ഹെക്ടര്‍ അര്‍ധ നിത്യഹരിത വനപ്രദേശവും 213 ഹെക്ടര്‍ ചതുപ്പ് പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

1980ലെ വനസംരക്ഷണനിയമം അനുസരിച്ചു വനവിസ്തൃതിയില്‍ കുറവുണ്ടാകുന്ന വിധത്തില്‍ നടപടിയെടുക്കാന്‍ പാടില്ല. ഇതേ കാരണം ഉയര്‍ത്തിക്കാട്ടി പേപ്പാറ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെ തമിഴ്നാട് എതിര്‍ത്തതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വനപ്രദേശത്തെയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ പബ്ളിക് ഹിയറിംഗ് നടത്തി പൊതുജന അഭിപ്രായം തേടേണ്ടതുണ്െടന്നു പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ പറയുന്നു. എന്നാല്‍, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയിട്ടില്ല.

1972ലെ വന്യജീവി സംരക്ഷണ നിയമം, 2006ലെ വനാവകാശ നിയമം എന്നിവയുടെ ലംഘനവും മുല്ലപ്പെരിയാറിലുണ്ടായി. ഈ സാഹചര്യത്തിലാണ് ഹരിത ട്രൈബ്യൂണലിനെ സമീപിക്കണമെന്ന നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യമാണു മുഖ്യമെന്നു മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. തമിഴ്നാടിനു വൈഗാ ഡാമിലേക്കു വെള്ളം കൊണ്ടുപോകാന്‍ സാഹചര്യമുണ്ടായിരുന്നിട്ടും ജലം കൊണ്ടുപോകാത്തതു മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ്. ജൈവസമ്പത്ത് ഉള്‍പ്പെടെയുള്ളവ നശിക്കുന്ന പ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നു യോഗത്തില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ചീഫ് വിപ് പി.സി. ജോര്‍ജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, മാത്യു ടി. തോമസ്, റോഷി അഗസ്റിന്‍, നേതാക്കളായ എം.എം. ഹസന്‍, ശൂരനാട് രാജശേഖരന്‍, വി. മുരളീധരന്‍, ജോണി നെല്ലൂര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.