മുഖപ്രസംഗം: സ്കൂള്‍ കലോത്സവം രാഷ്ട്രീയക്കളിയാകരുത്
Thursday, November 27, 2014 11:05 PM IST
ഏഷ്യയിലെ ഏറ്റവും വലിയ കൌമാര കലാമേളയെന്നാണു സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിലെ ലക്ഷക്കണക്കിനു സ്കൂള്‍ കുട്ടികളെ പ്രതിനിധീകരിച്ചു മേളയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും ബാഹുല്യവും പ്രതിഭയുടെ തിളക്കവും ഈ മേളയെ എന്നും ശ്രദ്ധാവിഷയമാക്കുന്നു. പില്‍ക്കാലത്തു സിനിമയിലുള്‍പ്പെടെ വിവിധ കലാരംഗങ്ങളില്‍ പ്രശസ്തിയുടെ ഉന്നതിയിലെത്തിയ നിരവധി താരങ്ങളെ ഈ കലോത്സവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഗായകരായ യേശുദാസും ജയചന്ദ്രനും ചലച്ചിത്ര താരങ്ങളായ കാവ്യാ മാധവനും മഞ്ജുവാര്യരും നവ്യാനായരും വിനീതും വിനീത്കുമാറുമുള്‍പ്പെടെ നിരവധിപേര്‍ സ്കൂള്‍ കലോത്സവവേദിയില്‍നിന്നുവന്ന് ഇന്നും തിളങ്ങിനില്‍ക്കുന്നവരാണ്. കലയുടെ നാളത്തെ നഭസിലേക്കു നിരവധി താരങ്ങളെ സംഭാവന ചെയ്യേണ്ട സ്കൂള്‍ കലോത്സവങ്ങളുടെ സംഘാടനം വെറും രാഷ്ട്രീയക്കളിയായി തരംതാഴുന്ന കാഴ്ച ഈ മേളയുടെ തിളക്കം കുറയ്ക്കും.

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം എറണാകുളത്തു നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മെട്രോ നിര്‍മാണം മൂലം എറണാകുളം നഗരത്തില്‍ ഇപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള്‍ കണക്കിലെടുത്തു വേദി അവിടെനിന്നു മാറ്റി. പിന്നീട് ആലപ്പുഴയെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമായ കാരണങ്ങളാല്‍ അതും വേണ്െടന്നുവച്ചു. അങ്ങനെയാണു സ്കൂള്‍ കലോത്സവം കോഴിക്കോട്ടെത്തിയത്. കോഴിക്കോടു വേദിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളോട് ആലോചിച്ചില്ലെന്നു പറഞ്ഞ് മേയര്‍ തന്നെ ആദ്യം രംഗത്തെത്തി. തയാറെടുപ്പിനുള്ള സമയക്കുറവുള്‍പ്പെടെയുള്ള കാരണങ്ങള്‍ ഉള്ളതിനാല്‍, മേളയ്ക്കു മങ്ങലേറ്റാല്‍ അതിന്റെ പഴി തങ്ങളുടെമേല്‍ ചാരരുതെന്നു മേയര്‍ മുന്‍കൂര്‍ ജാമ്യവും തേടി. യഥാര്‍ഥത്തില്‍ ഇത്തരമൊരു പരിപാടിക്ക് ആതിഥ്യമേകാന്‍ അവസരം കിട്ടുന്നതില്‍ മേയര്‍ അഭിമാനിക്കുകയാണു വേണ്ടത്. മേളയ്ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ കോര്‍പറേഷനു ചുമതലയുമുണ്ട്. കോര്‍പറേഷന്‍ ഭരിക്കുന്ന പാര്‍ട്ടിയല്ല സംസ്ഥാനം ഭരിക്കുന്നതെന്നതുകൊണ്ട് ഇത്തരം നിസഹകരണമോ അലംഭാവമോ പാടില്ല.

തുടര്‍ന്ന് വിവാദത്തിന്റെ രണ്ടാംഘട്ടത്തിനു മാനാഞ്ചിറ മൈതാനം കാരണമായി. മാനാഞ്ചിറ മൈതാനം പ്രധാന വേദിയാക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഖ്യാപനം നടത്തിയതു പ്രാദേശിക ഭരണകൂടവുമായി ആലോചിക്കാതെയാണെന്നാണു മേയറുടെ ആക്ഷേപം. അരക്കോടിയിലധികം രൂപ ചെലവഴിച്ച് മൈതാനം ഈയിടെ നവീകരിച്ചിരുന്നു. കലോത്സവവേദിയാക്കിയാല്‍ മൈതാനം ആകെ അലങ്കോലമാകുമെന്നാണു കോര്‍പറേഷന്‍ ഭരിക്കുന്നവരുടെ വാദം. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു പരിപാടിക്ക്, പ്രത്യേകിച്ചും സ്കൂള്‍ കുട്ടികളുടെ കലാമത്സരത്തിന്, മൈതാനം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു സര്‍ക്കാരും തദ്ദേശഭരണസ്ഥാപനവും തമ്മില്‍ യോജിച്ചൊരു തീരുമാനമാണുണ്ടാകേണ്ടിയിരുന്നത്. ഇത്തരം കാര്യങ്ങളില്‍ തുറന്ന ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനു ശ്രമിക്കാതെ ഒളിപ്പോരു നടത്തുകയാണ് ഉത്തരവാദപ്പെട്ട നേതാക്കള്‍പോലും. ഏതു കാര്യത്തിലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രവണത തികച്ചും ദോഷകരമാണ്.


പുതുക്കിയ കലോത്സവ മാന്വല്‍ അനുസരിച്ച,് പ്രധാനവേദി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജനപ്രതിനിധിയാവും കലോത്സവത്തിന്റെ സംഘാടകസമിതി ചെയര്‍മാന്‍. അങ്ങനെയായാല്‍ മാനാഞ്ചിറ സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം.കെ. മുനീറാവും സംഘാടക സമിതി ചെയര്‍മാന്‍. അതേസമയം സ്വപ്നനഗരി പ്രധാനവേദിയാക്കിയാല്‍ സിപിഎമ്മിലെ എ. പ്രദീപ് കുമാറാണ് മാന്വല്‍ അനുസരിച്ചു സംഘാടകസമിതി ചെയര്‍മാനായി വരേണ്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്കു യാതൊരു നിര്‍ബന്ധവുമില്ലെന്നും മേളയുടെ സുഗമമായ നടത്തിപ്പാണു പ്രധാനമെന്നും മുനീറും പ്രദീപ്കുമാറും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ മാന്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്നു പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജനപ്രതിനിധികളാണ് ഇരുവരും. എന്നിരുന്നാലും അവരുടെ മാന്യതയ്ക്കുമപ്പുറം രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുചെന്നാല്‍ എന്തു ചെയ്യാനാവും?

നമ്മുടെ കലാ കായിക രംഗങ്ങളില്‍ ഇത്തരം വിലകുറഞ്ഞ തര്‍ക്കങ്ങളും പിടിവാശികളും പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. കലോത്സവങ്ങളും കായികമേളകളും നമ്മുടെ കുട്ടികള്‍ക്കുവേണ്ടിയാണു നടത്തുന്നതെന്ന അടിസ്ഥാന വസ്തുത മറന്നാണു ചക്കളത്തിപ്പോരാട്ടങ്ങള്‍ നടക്കുന്നത്. വേദിമാറ്റമുള്‍പ്പെടെയുള്ള പ്രശ്നങ്ങളാല്‍ സമയം നഷ്ടപ്പെട്ടതിനാല്‍ ഇനി വളരെക്കുറച്ചു സമയമേ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് ഉള്ളൂ. ജനുവരി 15 മുതല്‍ 21 വരെയാണു കലോത്സവം. പലവിധ സൌകര്യങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടു സജ്ജമാക്കേണ്ടതുണ്ട്. അതിനിടെ വിവാദങ്ങള്‍ ഇളക്കിവിട്ട് ഒരുക്കങ്ങള്‍ വൈകിപ്പിക്കരുത്.

വിദ്യാഭ്യാസ ഉപജില്ലാ, ജില്ലാതല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കലാപ്രതിഭകളാണു സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്കു ഗ്രേസ് മാര്‍ക്കുപോലെ ഉപരിവിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാകുമെന്നു മാത്രമല്ല, പലര്‍ക്കും കലാരംഗത്തു ചുവടുറപ്പിക്കാന്‍ മേള സഹായകമാകുകയും ചെയ്യും. ചലച്ചിത്ര സംവിധായകര്‍തന്നെ താരങ്ങളെ തേടി ഇത്തരം മേളകള്‍ക്കെത്താറുണ്ട്.

വിവാദങ്ങള്‍ക്കു വിരാമമിട്ട് സംഘാടകസമിതിയില്‍ എല്ലാ വിഭാഗം ആള്‍ക്കാരെയും ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാതെതന്നെ കലോത്സവം നടത്താനാവും. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം കാര്യങ്ങളില്‍ പരിധിവിട്ട ഇടപെടലുകള്‍ നടത്തരുത്. വിദ്യാഭ്യാസവകുപ്പ് ജനങ്ങളുടെ സഹകരണത്തോടെയും ജനപ്രതിനിധികളുടെ പിന്തുണയോടെയുംവേണം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍. സംഘാടകമികവ് ഇത്തരം വലിയ കലാമേളകളുടെ വിജയത്തിന് അനിവാര്യമാണ്. യോജിച്ചുള്ള പ്രവര്‍ത്തനമാണ് അതിന് ആധാരമാകേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.